Tuesday, February 18, 2014

ഒരു 'കഥ'


പേര് : ' വിവരമില്ലായ്മ'

പ്രധാന കഥാപാത്രങ്ങൾ : 
* കൊച്ചുകുറുപ്പ്
* ജസീല
* സിന്ധു
* സംഘടന

ടൈറ്റിൽ കാർഡ്‌ 

   'ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമല്ല. അവർക്ക് ഏതെങ്കിലും വ്യക്തികളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും മനപ്പൂർവമാണ്‌.'

സീൻ 1

(താഴെ 'കുറച്ചു കാലങ്ങൾക്ക് മുൻപ്' എന്ന് കാണിക്കണം.)

സ്ഥലം : എറണാകുളം 

കൊച്ചുകുറുപ്പു എന്ന ഒരു വലിയ വ്യവസായ പ്രമുഖന്റെ ഒരു സ്ഥാപനം. അവിടെ കുറച്ചു തൊഴിലാളികൾ ഒരു ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുകയും കയറ്റുകയുമൊക്കെ ചെയ്യുന്നു. പെട്ടെന്ന് അവിടേക്ക് കുറച്ചു ആളുകൾ വരുന്നു. ചുമട്ടു തൊഴിലാളികളുടെ വേഷം. 

അവർ സാധനങ്ങൾ ഇറക്കുകയും കയറ്റുകയുമൊക്കെ ചെയ്യുനതു തടയുന്നു. അത് തങ്ങളുടെ അവകാശമാണ് വേറെ ആരും ചെയ്യാൻ പാടില്ല ഏന് പറഞ്ഞു തർക്കിക്കുന്നു. അവസാനം തടസ്സം ഉണ്ടാക്കാതിരിക്കണമെങ്കിൽ അവർക്ക് നോക്ക് കൂലി വേണം എന്ന് ആവശ്യപെടുന്നു. വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത കൊച്ചുകുറുപ്പ് സ്വയം സാധനങ്ങൾ ഇറക്കി വെക്കുക വരെ ചെയ്യുന്നു. പിന്നീട് കുറുപ്പ്  കോടതിയെ സമീപിക്കുകയും അനുകൂലമായി വിധി നേടിയെടുക്കുകയും ചെയ്യുന്നു.


സീൻ 2 

(താഴെ 'ഈ അടുത്ത കാലത്ത്')

സ്ഥലം : തിരുവനന്തപുരം

തലസ്ഥാനത്തെ സെക്രട്ടറിയേറ്റിനു മുന്നിൽ ഒരു സമര പന്തൽ. ആളുകൾ അങ്ങോട്ട്‌ തന്നെ ശ്രദ്ധിക്കുന്നു. ഒരു സ്ത്രീയും 3 കുട്ടികളുമാണ് പന്തലിനുള്ളിൽ. ആ സ്ത്രീ ജസീലയാണ്. കൂടെയുള്ളത് അവരുടെ കുട്ടികളും. തങ്ങളുടെ നാട്ടിലെ മണൽ മാഫിയകളുടെ ശല്യം സഹിക്കാതെ അതിനു പരിഹാരം കാണാൻ സമരം ചെയ്യുകയാണ് ജസീലയും കുട്ടികളും. ഒരു വീട്ടമ്മ കുട്ടികളെയും വെച്ച് ചെയുന്ന സമരമായത് കൊണ്ട് ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങൾ വരെ ഇവരുടെ വാർത്തകൾ കവർ ചെയ്യുന്നു. 

ഇവരെ കുറിച്ച് കൊച്ചുകുറുപ്പ് അറിയുന്നു. ഇത്തരം സാമൂഹിക വിഷയങ്ങളിൽ ഇടപെടാൻ വളരെ തൽപരനായ കുറുപ്പ് ഇവരുടെ കാര്യത്തിലും പതിവ് തെറ്റിക്കുന്നില്ല. ജസീലക്ക് 5 ലക്ഷം പാരിതോഷികം കുറുപ്പ് പ്രഖ്യാപിക്കുന്നു.

സീൻ 3 

സ്ഥലം : തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ സംഘടന പ്രധിഷേധ പ്രകടനം നടത്തുന്നു. കാരണം..(അല്ലെങ്കിൽ വല്യേ കാരണമൊന്നും വേണമെന്നില്ല). പ്രകടനം നടത്തുന്നു. ഒരു വീട്ടമ്മ, സിന്ധു ആ വഴി നടന്നു വരുന്നു. ആ വഴിക്കാണ് അവരുടെ വീട്. സംഘടനയുടെ പ്രകടനം കാരണം സിന്ധുവിന് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയാകുന്നു. അവസാനം സിന്ധു സംഘടനയോട് കയർക്കുന്നു. എതിർത്താൽ തകർക്കും, ഒന്ന് രണ്ടു മൂന്നു എന്നൊന്നും പറയാത്ത വളരെയധികം സമാധാന പ്രിയരായ പാവം സംഘടനയുടെ മുഖം വിളറി വെളുക്കുന്നു. മുഖത്തിന്റെ ഒരു close-up ഷോട്ട്.

ഇതും കൊച്ചു കുറുപ്പ് അറിയുന്നു. ഇവർക്കും പ്രഖ്യാപിക്കുന്നു ഒരു 5 ലക്ഷം. നിഷ്കളങ്കരയ പാവം സംഘടനയെ ചീത്ത പറഞ്ഞതിന് കുറുപ്പ് 5 ലക്ഷം കൊടുക്കുന്നതിന്  സങ്കടപ്പെട്ടിരിക്കുന്ന സംഘടനയുടെ ഒരു close-up ഷോട്ട്.

ഇതിനിടെ സിന്ധുവിന്റെ വീടിനും മറ്റും നേരെ ഇടക്കിടെ ആക്രമണങ്ങൾ ഉണ്ടാകുന്നു. ആരാണെന്നു അറിയില്ല. ആരാകും അത്.? 

ഇവിടെ ഇന്റർവെൽ.

സീൻ 4

സ്ഥലം : എറണാകുളം 

പ്രഖ്യാപിച്ച പൈസ കൊടുക്കാൻ കൊച്ചുകുറുപ്പ് തീരുമാനിക്കുന്നു. അതിനായി ഒരു പൊതു പരിപാടി സംഘടിപ്പിക്കുന്നു. ആ വേദിയിലേക്ക് രണ്ടു പേരെയും ക്ഷണിക്കുന്നു. 

ഇവിടെ ട്വിസ്റ്റ്‌. സിന്ധുവിന്റെ കൂടെ വേദി പങ്കിടാൻ പറ്റില്ല എന്ന് ജസീല. ജസീല എന്തിനു അങ്ങനെ പറഞ്ഞു? 

അങ്ങനെ കൊച്ചുകുറുപ്പ് സിന്ധുവിന് മാത്രം തുക നൽകുന്നു. ജസീലക്ക് പ്രഖ്യാപിച്ച തുക. അവർക്ക് വേണ്ടെങ്കിൽ മക്കളുടെ പേരിൽ ബാങ്കിൽ ഇടാം എന്ന് കുറുപ്പ് പറയുന്നു. അതും ജസീല സമ്മതിച്ചില്ല. എല്ലാവരും ആ കാര്യം വിടുന്നു.

സീൻ 5

സ്ഥലം : എറണാകുളം

കഥയിലെ അടുത്ത ട്വിസ്റ്റ്‌. കുറുപ്പിന്റെ വീടിനു മുൻപിൽ ഒരു സമര പന്തൽ. തനിക്കു തരാം എന്ന് പറഞ്ഞ തുക കുറുപ്പ് തരുന്നില്ല എന്ന് പറഞ്ഞു ജസീലയും മക്കളുമാണ് സമരക്കാർ. മണൽ മാഫിയ ചെയുന്നതിനെക്കൽ വലിയ തെറ്റാണല്ലോ വേണ്ടാന്ന് പറഞ്ഞ തുക തരുന്നില്ല എന്ന് പറയ്യുന്നത്. നമ്മുടെ പാവം സംഘടന ജസീലയുടെയും മക്കളുടെയും കഷ്ടപാട് കണ്ടു അവർക്ക് പൂർണ  പിന്തുണ നല്കി. അങ്ങനെ 2-3 ദിവസം കഴിഞ്ഞു. കുറുപ്പിന് അനക്കമില്ല. ജസീല വിട്ടു കൊടുത്തില്ല. സമരം പോലീസ് സ്റ്റേഷന് മുൻപിലെക്കാക്കുന്നു. കുറുപ്പ് നീതി പാലിക്കുകയാണ് ആവശ്യം. 

അതും ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുറുപ്പിന് ജസീല ഒരു ഔദാര്യം കൊടുത്തു. 5 ലക്ഷം തരാം എന്ന് കുറുപ്പ് പറഞ്ഞത് അയാൾ പിൻവലിക്കണം. എങ്കിൽ സമരം നിർത്താം. അവസാനം കുറുപ്പ് തുക പിൻ‌വലിക്കുന്നു.

(തനിക്കു മാനഹാനി ഉണ്ടാക്കി എന്ന് പറഞ്ഞു ഒരു പത്രത്തിന്റെ ഓഫീസിനു മുന്പിലും ജസീല സമരം നടത്തുന്നുണ്ട്. അതിനു സൈഡ് ട്രാക്ക് വേറെ ഇട്ടിട്ടുണ്ട്.)

(ഇനി എഴുതാൻ ഉള്ളത് ക്ലൈമാക്സ്‌ ആണ്. ക്ലൈമാക്സ്‌ ആകുമ്പോ ഒരു ട്വിസ്റ്റ്‌ വേണം. ഒരു വില്ലൻ. ആരെ വില്ലനാക്കും. നിങ്ങടെ അഭിപ്രായം കിട്ടിയാൽ നന്നായിരുന്നു. 

  ഇതൊക്കെ ചെയ്തത് കൊച്ചു കുറുപ്പ് ആണ് എന്നാക്കാം. കാരണം ഇത്രയും കാലമായിട്ടും അങ്ങേരെ ആർക്കും അരിയില്ലലൊ. അപ്പൊ ഒരു ലേശം പ്രശസ്തി കിട്ടാൻ ചെയ്തതാവാലോ. 

ഇനി അതല്ലെങ്കിൽ സിന്ധുവിനെയാക്കാം. ഏതോ നേതാവ് പറഞ്ഞ പോലെ അവര് മറ്റേ പാർട്ടിയെ പോലെ ചിന്തിക്കുന്ന ആളാണ്. അത് കൊണ്ട് ചെയ്തതാകും. അല്ലാതെ അവരുടെ വീട്ടിലേക്കുള്ള വഴി തടഞ്ഞാൽ അവർക്കെന്താ.

പിന്നെ ജസീലയെ ആക്കണമെങ്കിൽ കൊച്ചുകുറുപ്പിനോടുള്ള ഒരു പൂർവ്വ വൈരാഗ്യം വല്ലതും കൊണ്ട് വരാം. 

ഈ 3 പേരിൽ ആരായാലും കുഴപ്പമില്ല. പക്ഷെ സംഘടനയെ മാത്രം വില്ലനാക്കാൻ പാടില്ല. അത് ആ പാവം സംഘടനയോട് ചെയുന്ന തെറ്റാണ്. സിന്ധുവിന്റെ വീടിനു നേരെ കല്ലെറിഞ്ഞത് സംഘടനയാണ് എന്ന് പറയാൻ പറ്റുമൊ. കാരണം അക്രമ രാഷ്ട്രീയം എന്താണ് എന്ന് പോലുമറിയാത്ത ഒരു പാവം സംഘടനയാണ് അത്. പിന്നെ ജസീലയോട് സിന്ധുവിന്റെ കൂടെ വേദി പങ്കിടണ്ട എന്നും, കുറുപ്പ് പഴയ ചുമട്ടു തൊഴിലാളി പ്രശ്നത്തിലും സിന്ധുവിന്റെ കാര്യത്തിലും തങ്ങൾക്കു എതിരായി നിന്നു എന്ന് വെച്ച്, തങ്ങളെ എതിർക്കുന്നവരോട് ക്ഷമിക്കാൻ മാത്രം അറിയുന്ന സംഘടന കുറുപ്പിനെതിരെ എന്തെങ്കിലും ചെയ്തു എന്ന് പറയ്യുന്നത് തെറ്റല്ലേ. കഥയിൽ ചോദ്യമില്ല എന്നാണെങ്കിലും ഒരു തെറ്റും ചെയ്യാത്തവരെ കുറ്റക്കാരാക്കുന്നതു ശരിയല്ലല്ലോ.)

അടിക്കുറിപ്പ് : സംഘടന ഇപ്പൊ കേരളത്തെ രക്ഷിക്കാൻ മാർച്ച്‌ നടത്തിക്കൊണ്ടിരിക്കുകയല്ലേ നിങ്ങൾ ഒരു കാര്യം ചെയ്യൂ. ഈ മാർച്ച്‌ നേരെ അങ്ങ് ബംഗാളിലേക്ക് പൊയ്ക്കൊള്ളു. കേരളം രക്ഷപെടാൻ വേണ്ടിയല്ലാട്ടോ. നിങ്ങളെങ്കിലും രെക്ഷപ്പെടാൻ വേണ്ടിയാ. അതും പോരാ എന്നുണ്ടെങ്കിൽ അവിടുത്തെ ആൾക്കാരെയും കൂട്ടി നേരെ ചൈനയിലേക്ക് വിട്ടോള്ളൂ. ഇന്ത്യ കുറച്ചെങ്കിലും നന്നാവും, എന്ന് അസൂയക്കാര് പറയും. പക്ഷെ അല്ല, നിങ്ങല്ലെങ്കിലും കുറച്ചു നന്നാവും. ലാൽ സലാം