Tuesday, December 03, 2013

സച്ചിൻ .... സച്ചിൻ


(കാര്യത്തിലേക്ക് കടക്കും മുൻപ് ഒരു ചെറിയ കാര്യം. സച്ചിൻ കളി നിർത്തിയിട്ടു കാലം കുറച്ചു ആയല്ലോടെയ്‌. എന്നിട്ടിപ്പോഴാണോ സച്ചിനെ പറ്റി എഴുതുന്നത്‌ എന്നാരും ചോദിക്കരുത്. അവസാന മത്സരത്തിന്റെ അന്ന് ഇടണം എന്ന് വെച്ച് എഴുതി തുടങ്ങിയതാണ്‌. മടി വളരെ കൂടുതലായത് കൊണ്ട് ഇത്രയും പെട്ടെന്ന് തീർക്കാൻ പറ്റുമെന്ന് ഞാനും കരുതിയില്ല. പിന്നെ സച്ചിനെ പറ്റിയല്ലേ. അതിനു ക്രിക്കറ്റ്‌ ഉള്ളിടത്തോളം കാലം വിലയുണ്ടല്ലോ എന്നാ ധൈര്യത്തിൽ അങ്ങട് എഴുതി തീർത്തു. ഇനി തുടർന്ന് വായിക്കുക.)

കഴിഞ്ഞ കുറച്ചു ദിവസമായി മൊത്തം ഈ ശബ്ദമാണ് എല്ലായിടത്തും കേൾക്കുന്നത്‌. പത്രങ്ങളിൽ സച്ചിനെ കുറിച്ചുള്ള വാർത്തകൾ സച്ചിന്റെ ചിത്രങ്ങൾ, ചാനലുകളിൽ സച്ചിൻ ചർച്ചകൾ. അങ്ങനെ ആകെ സച്ചിൻ മയം.

ഞാൻ ഒരു കടുത്ത സച്ചിൻ ആരാധകനല്ല. സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി, ലക്ഷ്മണ്‍.. അങ്ങനെ ഇന്ത്യൻ ക്രിക്കെറ്റിന്റെ ഈ സുവർണ്ണ താരങ്ങളോടെല്ലാം ഒരുപാടു ആരാധനയും ബഹുമാനവും ഉള്ള ഒരു സാധാരണ ക്രിക്കറ്റ്‌ സ്നേഹി മാത്രമാണ്. 

ഒരു പക്ഷെ സച്ചിനേക്കാൾ അധികം ഞാൻ ആരാധിക്കുനത് ദാദയെയാകും. എങ്കിലും ക്രിക്കറ്റ്‌ എന്ന് പറയുമ്പോൾ ആദ്യം വരുന്ന പേര് ഒന്നേയുള്ളൂ... 'സച്ചിൻ'. ഏതു താരത്തെ ആരാധിക്കുമ്പോഴും ഉറക്കത്തിൽ വിളിച്ചു ക്രിക്കറ്റ്‌ എന്ന് പറഞ്ഞാൽ ചിലപ്പോൾ സച്ചിൻ എന്നാകും ഉത്തരം. ഇത് എന്റെ മാത്രം കാര്യമല്ല എന്ന് ഉറപ്പാണ്‌. ബഹുഭൂരിപക്ഷം ക്രിക്കറ്റ്‌ പ്രേമികളുടെയും കാര്യമാകും. ഏതോ ഒരു സുഹൃത്തിന്റെ facebook സ്റ്റാറ്റസിൽ കണ്ടത് ഇങ്ങനെ: 'ബാറ്റും വിക്കെറ്റും എന്തെന്നറിയാത്ത ഉമ്മ വരെ സച്ചിൻ ഔട്ട്‌ ആയി എന്ന് മനസിലായാൽ പറയും. സച്ചിൻ പുറത്തായില്ലേ മോനെ. ഇനി പോയിരുന്നു പഠിക്കു.' കളി അറിയുന്നവർക്കും അറിയാത്തവർക്കും ക്രിക്കറ്റ്‌ എന്ന് കേട്ടാൽ സച്ചിൻ എന്ന് പറയാനറിയാം. ആ ഒരു കാര്യം തന്നെയാകും സച്ചിന്  മറ്റേതൊരു താരത്തേക്കാളും മുകളിൽ സ്ഥാനം ലഭിക്കാൻ കാരണം.

ഫൂട്ട് വർക്കിന്റെ മനോഹാരിതയും ഷോട്ടുകളുടെ മാസ്മരികതയും മനസിലാകാത്ത ഉമ്മമാരും അമ്മമാരും മുത്തശന്മാരുമൊക്കെ സച്ചിൻ എന്ന പേര് തെറ്റാതെ പറയുമ്പോൾ അത് സച്ചിൻ എന്ന ക്രിക്കറ്റ്‌ താരത്തെക്കൾ സച്ചിൻ എന്ന വ്യക്തിയുടെ നേട്ടമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. എനിക്കും സച്ചിൻ എന്ന താരത്തെക്കാൾ സച്ചിൻ എന്ന മനുഷ്യനോടാണ് കൂടുതൽ ബഹുമാനവും ആരാധനയും തോന്നിയിട്ടുള്ളത്. ക്രിക്കറ്റ്‌ ലോകത്തെ ദൈവം എന്ന് ലോകം മൊത്തം വാഴ്ത്തുമ്പോഴും,  ചുണ്ടിൽ ഒരു ചിരിയുമായി എളിമയോടെ  മാത്രം സംസാരിക്കുന്ന സച്ചിൻ എന്ന ചെറിയ മനുഷ്യന്റെ വലുപ്പം വളരെ വലുത് തന്നെയാണ്. 

ലോകത്തിലെ പല ബ്രാൻഡുകളും സച്ചിൻ എന്ന താരത്തെയാണ് തങ്ങളുടെ വളര്ച്ചയ്ക്ക് ഉപയോഗിച്ചത്. Boost എന്ന ഉൽപ്പന്നം അതിനു ഏറ്റവും വലിയ ഉദാഹരണമാണ്. 'Boost Is The Secret Of My Energy' എന്ന വാചകം, 1989-ൽ സച്ചിൻ ബ്രാൻഡ്‌ അംബാസ്സ്ഡാർ ആയ കാലം തൊട്ടു ഇന്ന് ഈ നിമിഷം വരെ പറയാത്ത കുട്ടികൾ കുറവായിരിക്കും. വേറെ, ഒരു താരത്തെയും  ഉപയോഗിച്ചുള്ള പരസ്യങ്ങൾക്കും ഇത്രയും സ്വാധീനം മറ്റുള്ളവരിൽ ചെലുത്താൻ കഴിഞ്ഞിടുണ്ടുന്നു തോന്നുന്നില്ല. അത് കൊണ്ട് തന്നെയാണ് Boost, Pepsi, Britania, Airtel, Sunfeast, Addidas, Reynolds തുടങ്ങി ഒട്ടനവധി പ്രമുഖ ബ്രാൻഡുകൾ സച്ചിനെ അവരുടെ ബ്രാൻഡ്‌ അംബാസ്സ്ഡാർ ആക്കിയത്. ഏതോ ഒരു ബിസിനെസ്സ്‌ വിദഗ്ദ്ധൻ പറഞ്ഞത്: "പ്രമുഖ ബ്രാൻഡുകൾ  സച്ചിനെ തന്നെ ലക്‌ഷ്യം വെക്കുന്നതിന്റെ പ്രധാന കാരണം സച്ചിൻ എന്ന കളിക്കാരന്റെ പ്രശസ്ഥിയെക്കാൾ അദ്ദേഹത്തിനു കുട്ടികളിലുള്ള സ്വാധീനമാണ്. അതിലും പ്രധാനം, തന്റെ കുട്ടി സച്ചിനെ മാതൃകയാക്കണം എന്ന് കരുതുന്ന മാതാപിതാക്കളുടെ എണ്ണം അധികമാണ് എന്നതാണ്. തന്റെ ജോലിയോടുള്ള സച്ചിന്റെ ആത്മാർഥത, സമർപ്പണം, മോശം ഫോമിൽ നിന്ന് വീണ്ടും റെക്കോർഡുകളുടെ നടുവിലേക്ക് കയറി വന്ന ആത്മവിശ്വാസം,  ഇത്രയും ഉയരത്തിൽ നിൽക്കുമ്പോഴുമുള്ള എളിമ, അങ്ങനെ കുട്ടികള്ക്ക് കണ്ടു പഠിക്കാൻ ഒരുപാടുണ്ട് സച്ചിനിൽ." 

അങ്ങനെ സച്ചിനെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്ഥനാക്കുന്ന എത്രയോ കാര്യങ്ങൾ. അത് കൊണ്ട് തന്നെയാണ് മറ്റേതൊരു താരത്തിന്റെ വിട വാങ്ങലിനെക്കാളും സച്ചിന്റെ വിടവാങ്ങൽ ചർച്ചയായത്, അവസാന മത്സരം കഴിഞ്ഞു സച്ചിന്റെ കണ്ണുകൽ  നിറഞ്ഞപ്പോൾ ഒരു രാജ്യം മൊത്തം സ്വന്തം കണ്ണുകൾ തുടച്ചത്‌. സച്ചിൻ എന്നത് ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് എന്ന് (അതിന്റെ അളവ്  ചെറുതോ വലുതോ ആകട്ടെ) തിരിച്ചറിഞ്ഞ നിമിഷങ്ങൾ. 

സച്ചിൻ, അങ്ങയുടെ കുറവ് മൈതാനങ്ങളിൽ  ഒരു വലിയ നഷ്ടം തന്നെയാകും എന്നത് ഒരു സത്യം തന്നെയാണ്. ക്രിക്കറ്റിൽ ഒരുപാടു നല്ല നിമിഷങ്ങൾ സമ്മാനിച്ച സച്ചിൻ എന്ന കളിക്കാരനും, ജീവിതത്തിൽ കണ്ടു പഠിക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ കാണിച്ചു തന്ന സച്ചിൻ എന്ന മനുഷ്യനും ഒരായിരം നന്ദി.