Tuesday, December 03, 2013

സച്ചിൻ .... സച്ചിൻ


(കാര്യത്തിലേക്ക് കടക്കും മുൻപ് ഒരു ചെറിയ കാര്യം. സച്ചിൻ കളി നിർത്തിയിട്ടു കാലം കുറച്ചു ആയല്ലോടെയ്‌. എന്നിട്ടിപ്പോഴാണോ സച്ചിനെ പറ്റി എഴുതുന്നത്‌ എന്നാരും ചോദിക്കരുത്. അവസാന മത്സരത്തിന്റെ അന്ന് ഇടണം എന്ന് വെച്ച് എഴുതി തുടങ്ങിയതാണ്‌. മടി വളരെ കൂടുതലായത് കൊണ്ട് ഇത്രയും പെട്ടെന്ന് തീർക്കാൻ പറ്റുമെന്ന് ഞാനും കരുതിയില്ല. പിന്നെ സച്ചിനെ പറ്റിയല്ലേ. അതിനു ക്രിക്കറ്റ്‌ ഉള്ളിടത്തോളം കാലം വിലയുണ്ടല്ലോ എന്നാ ധൈര്യത്തിൽ അങ്ങട് എഴുതി തീർത്തു. ഇനി തുടർന്ന് വായിക്കുക.)

കഴിഞ്ഞ കുറച്ചു ദിവസമായി മൊത്തം ഈ ശബ്ദമാണ് എല്ലായിടത്തും കേൾക്കുന്നത്‌. പത്രങ്ങളിൽ സച്ചിനെ കുറിച്ചുള്ള വാർത്തകൾ സച്ചിന്റെ ചിത്രങ്ങൾ, ചാനലുകളിൽ സച്ചിൻ ചർച്ചകൾ. അങ്ങനെ ആകെ സച്ചിൻ മയം.

ഞാൻ ഒരു കടുത്ത സച്ചിൻ ആരാധകനല്ല. സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി, ലക്ഷ്മണ്‍.. അങ്ങനെ ഇന്ത്യൻ ക്രിക്കെറ്റിന്റെ ഈ സുവർണ്ണ താരങ്ങളോടെല്ലാം ഒരുപാടു ആരാധനയും ബഹുമാനവും ഉള്ള ഒരു സാധാരണ ക്രിക്കറ്റ്‌ സ്നേഹി മാത്രമാണ്. 

ഒരു പക്ഷെ സച്ചിനേക്കാൾ അധികം ഞാൻ ആരാധിക്കുനത് ദാദയെയാകും. എങ്കിലും ക്രിക്കറ്റ്‌ എന്ന് പറയുമ്പോൾ ആദ്യം വരുന്ന പേര് ഒന്നേയുള്ളൂ... 'സച്ചിൻ'. ഏതു താരത്തെ ആരാധിക്കുമ്പോഴും ഉറക്കത്തിൽ വിളിച്ചു ക്രിക്കറ്റ്‌ എന്ന് പറഞ്ഞാൽ ചിലപ്പോൾ സച്ചിൻ എന്നാകും ഉത്തരം. ഇത് എന്റെ മാത്രം കാര്യമല്ല എന്ന് ഉറപ്പാണ്‌. ബഹുഭൂരിപക്ഷം ക്രിക്കറ്റ്‌ പ്രേമികളുടെയും കാര്യമാകും. ഏതോ ഒരു സുഹൃത്തിന്റെ facebook സ്റ്റാറ്റസിൽ കണ്ടത് ഇങ്ങനെ: 'ബാറ്റും വിക്കെറ്റും എന്തെന്നറിയാത്ത ഉമ്മ വരെ സച്ചിൻ ഔട്ട്‌ ആയി എന്ന് മനസിലായാൽ പറയും. സച്ചിൻ പുറത്തായില്ലേ മോനെ. ഇനി പോയിരുന്നു പഠിക്കു.' കളി അറിയുന്നവർക്കും അറിയാത്തവർക്കും ക്രിക്കറ്റ്‌ എന്ന് കേട്ടാൽ സച്ചിൻ എന്ന് പറയാനറിയാം. ആ ഒരു കാര്യം തന്നെയാകും സച്ചിന്  മറ്റേതൊരു താരത്തേക്കാളും മുകളിൽ സ്ഥാനം ലഭിക്കാൻ കാരണം.

ഫൂട്ട് വർക്കിന്റെ മനോഹാരിതയും ഷോട്ടുകളുടെ മാസ്മരികതയും മനസിലാകാത്ത ഉമ്മമാരും അമ്മമാരും മുത്തശന്മാരുമൊക്കെ സച്ചിൻ എന്ന പേര് തെറ്റാതെ പറയുമ്പോൾ അത് സച്ചിൻ എന്ന ക്രിക്കറ്റ്‌ താരത്തെക്കൾ സച്ചിൻ എന്ന വ്യക്തിയുടെ നേട്ടമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. എനിക്കും സച്ചിൻ എന്ന താരത്തെക്കാൾ സച്ചിൻ എന്ന മനുഷ്യനോടാണ് കൂടുതൽ ബഹുമാനവും ആരാധനയും തോന്നിയിട്ടുള്ളത്. ക്രിക്കറ്റ്‌ ലോകത്തെ ദൈവം എന്ന് ലോകം മൊത്തം വാഴ്ത്തുമ്പോഴും,  ചുണ്ടിൽ ഒരു ചിരിയുമായി എളിമയോടെ  മാത്രം സംസാരിക്കുന്ന സച്ചിൻ എന്ന ചെറിയ മനുഷ്യന്റെ വലുപ്പം വളരെ വലുത് തന്നെയാണ്. 

ലോകത്തിലെ പല ബ്രാൻഡുകളും സച്ചിൻ എന്ന താരത്തെയാണ് തങ്ങളുടെ വളര്ച്ചയ്ക്ക് ഉപയോഗിച്ചത്. Boost എന്ന ഉൽപ്പന്നം അതിനു ഏറ്റവും വലിയ ഉദാഹരണമാണ്. 'Boost Is The Secret Of My Energy' എന്ന വാചകം, 1989-ൽ സച്ചിൻ ബ്രാൻഡ്‌ അംബാസ്സ്ഡാർ ആയ കാലം തൊട്ടു ഇന്ന് ഈ നിമിഷം വരെ പറയാത്ത കുട്ടികൾ കുറവായിരിക്കും. വേറെ, ഒരു താരത്തെയും  ഉപയോഗിച്ചുള്ള പരസ്യങ്ങൾക്കും ഇത്രയും സ്വാധീനം മറ്റുള്ളവരിൽ ചെലുത്താൻ കഴിഞ്ഞിടുണ്ടുന്നു തോന്നുന്നില്ല. അത് കൊണ്ട് തന്നെയാണ് Boost, Pepsi, Britania, Airtel, Sunfeast, Addidas, Reynolds തുടങ്ങി ഒട്ടനവധി പ്രമുഖ ബ്രാൻഡുകൾ സച്ചിനെ അവരുടെ ബ്രാൻഡ്‌ അംബാസ്സ്ഡാർ ആക്കിയത്. ഏതോ ഒരു ബിസിനെസ്സ്‌ വിദഗ്ദ്ധൻ പറഞ്ഞത്: "പ്രമുഖ ബ്രാൻഡുകൾ  സച്ചിനെ തന്നെ ലക്‌ഷ്യം വെക്കുന്നതിന്റെ പ്രധാന കാരണം സച്ചിൻ എന്ന കളിക്കാരന്റെ പ്രശസ്ഥിയെക്കാൾ അദ്ദേഹത്തിനു കുട്ടികളിലുള്ള സ്വാധീനമാണ്. അതിലും പ്രധാനം, തന്റെ കുട്ടി സച്ചിനെ മാതൃകയാക്കണം എന്ന് കരുതുന്ന മാതാപിതാക്കളുടെ എണ്ണം അധികമാണ് എന്നതാണ്. തന്റെ ജോലിയോടുള്ള സച്ചിന്റെ ആത്മാർഥത, സമർപ്പണം, മോശം ഫോമിൽ നിന്ന് വീണ്ടും റെക്കോർഡുകളുടെ നടുവിലേക്ക് കയറി വന്ന ആത്മവിശ്വാസം,  ഇത്രയും ഉയരത്തിൽ നിൽക്കുമ്പോഴുമുള്ള എളിമ, അങ്ങനെ കുട്ടികള്ക്ക് കണ്ടു പഠിക്കാൻ ഒരുപാടുണ്ട് സച്ചിനിൽ." 

അങ്ങനെ സച്ചിനെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്ഥനാക്കുന്ന എത്രയോ കാര്യങ്ങൾ. അത് കൊണ്ട് തന്നെയാണ് മറ്റേതൊരു താരത്തിന്റെ വിട വാങ്ങലിനെക്കാളും സച്ചിന്റെ വിടവാങ്ങൽ ചർച്ചയായത്, അവസാന മത്സരം കഴിഞ്ഞു സച്ചിന്റെ കണ്ണുകൽ  നിറഞ്ഞപ്പോൾ ഒരു രാജ്യം മൊത്തം സ്വന്തം കണ്ണുകൾ തുടച്ചത്‌. സച്ചിൻ എന്നത് ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് എന്ന് (അതിന്റെ അളവ്  ചെറുതോ വലുതോ ആകട്ടെ) തിരിച്ചറിഞ്ഞ നിമിഷങ്ങൾ. 

സച്ചിൻ, അങ്ങയുടെ കുറവ് മൈതാനങ്ങളിൽ  ഒരു വലിയ നഷ്ടം തന്നെയാകും എന്നത് ഒരു സത്യം തന്നെയാണ്. ക്രിക്കറ്റിൽ ഒരുപാടു നല്ല നിമിഷങ്ങൾ സമ്മാനിച്ച സച്ചിൻ എന്ന കളിക്കാരനും, ജീവിതത്തിൽ കണ്ടു പഠിക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ കാണിച്ചു തന്ന സച്ചിൻ എന്ന മനുഷ്യനും ഒരായിരം നന്ദി.

Monday, March 25, 2013

ഡെഡിക്കേഷൻ

ഡെഡിക്കേഷൻ എന്ന വാക്ക് നമ്മൾ മലയാളികൾക്ക് ചിരപരിചിതമായിട്ടു കുറച്ചു  കാലമായി. ചാനലുകളും എഫ്.എം സ്റ്റേഷനുകളും ഒക്കെ എറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇപ്പൊ ഈ വാക്കാവും.

രണ്ടു ദിവസം മുൻപ് എറണാകുളത്ത് ബസിൽ യാത്ര ചെയുമ്പോൾ കേട്ട ഒരു എഫ്.എം പരിപാടിയാണ് ഈ ബ്ലോഗിലെ നായകൻ.

ഏതോ ഒരു എഫ്.എം സ്റ്റേഷനിലെ ഏതോ ഒരു പ്രോഗ്രാo. ആ പരിപാടിയിലേക്ക് വിളിച്ച  ഏതോ ഒരു കോളേജിലെ ഏതോ ഒരു വിദ്യാർഥിനി. പതിവ് പോലെ അവതാരകൻ വിശേഷങ്ങൾ ചോദിക്കുന്നു. കുട്ടി വിളിക്കുന്നത് ഹോസ്റ്റലിൽ  നിന്നാണ്. പിന്നണിയിലെ ആർപ്പുവിളികളും കോലാഹലങ്ങളും കേട്ടാൽ അറിയാം ഹോസ്റ്റൽ ആണെന്ന്. അങ്ങനെ പരിപാടിയുടെ കാര്യപരിപാടിയിലേക്ക് എത്തുന്നു. പ്രോഗ്രാം എന്താന്നു  വെച്ചാൽ, സിനിമയുമായി ബന്ധപെട്ടു 2 ചോദ്യങ്ങൾ അതിനു ഉത്തരം പറഞ്ഞാൽ സമ്മാനം. ഇനി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും എഫ്.എം വക ഒരു പാട്ട് കേൾക്കാം. അങ്ങനെ ആ വിദ്യാർഥിനി ക്ലൂവിന്റെ സഹായതോടെയനെങ്കിലും 2 ചോദ്യങ്ങൾക്കും ഉത്തരം നൽകി സമ്മാനം നേടി. അതിന്റെ ഒരു ആവേശം എല്ലാവരും കൂടിയുള്ള ആർപ്പുവിളിയിൽ മനസ്സിലാക്കാം.

ഇനി എഫ്.എം വക പാട്ടാണ്. വിദ്യാർഥിനി ചാടികയറി, "ഈ പാട്ട് ഞങ്ങൾക്ക് ഒരാൾക്ക് ഡെഡിക്കേറ്റ് ചെയ്യണം. ഞങ്ങളടെ ടീച്ചർ ആണ്. നിഷ മിസ്സ്‌. മിസ്സ്‌ കോളേജിനു പോവുകയാണ്. അപ്പൊ മിസ്സിന് വേണ്ടി ഈ പാട്ട്  ഡെഡിക്കേറ്റ് ചെയ്യണം."
അവതാരകൻ: " തീർച്ചയായും...നിങ്ങളെ വിട്ടു പോകുന്ന നിഷ മിസ്സിനോട് നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നിങ്ങൾക്ക് ഇപ്പൊ ഈ എഫ്.എം-ലൂടെ പറയാം."

അതിനുള്ള മറുപടി ഒരു കൂട്ടം പെണ്‍കുട്ടികളുടെ ഒന്നിച്ചുള്ള ശബ്ദമായിരുന്നു. അതിൽ മനസിലായ ചിലത്(ഊഹിച്ചെടുത്തു പൂരിപ്പിച്ചത് എന്നും പറയാം), "ഞങ്ങൾക്കെല്ലാവർക്കും മിസ്സിനെ ഒരുപാടു ഇഷ്ടമാണ്. എവിടെ പോയാലും മിസ്സിനെ ഞങ്ങൾ ഓർക്കും. വി ഓൾ ലവ് യു എ ലോട്ട് മിസ്സ്‌ ആൻഡ്‌ വി വിൽ മിസ്സ്‌ യു ..."

കുട്ടികളോട് വളരെ അടുപ്പമുള്ള ഒരു അധ്യാപികയാണ് ഈ നിഷ മിസ്സ്‌  എന്ന് ഉറപ്പു. അത് അവരുടെ ആ വാക്കുകൾ കേട്ടാൽ വ്യക്തം.

അങ്ങനെ വീണ്ടും അവതാരകനിലേക്ക്.. "കുട്ടികളോട് ഏറെ അടുപ്പവും സ്നേഹം കാത്തു സൂക്ഷിക്കുന്ന, കുട്ടികളുടെയെല്ലാം സ്നേഹനിധിയായ നിഷ മിസ്സിന്, മിസ്സിനെ സ്നേഹിക്കുന്ന ഈ  വിദ്യാർഥിനികൾടെ പേരിലും അത് പോലെ മിസ്സിനെ സ്നേഹിക്കുന്ന ആ കോളേജിലെ മറ്റെല്ലാ  വിദ്യാർഥി- വിദ്യാർഥിനികളുടെ പേരിലും ഒരു നല്ല ഗാനം തന്നെ ഞങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നു.."

അങ്ങനെ ആ നല്ല മിസ്സിന് വേണ്ടി എഫ്.എം വക കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ഗാനം തന്നെ ഡെഡിക്കേറ്റ് ചെയ്തു.

            "വൈ ദിസ് കൊലവെറി കൊലവെറി കൊലവെറി  ഡി... "

അത് പോലൊരു അധ്യാപികക്ക് ഇതിലും നല്ല വേറെ ഏതു പാട്ട് ഡെഡിക്കേറ്റ് ചെയ്യാൻ....

Tuesday, March 12, 2013

സ്കോപ്

പത്താം ക്ലാസ്സിലെത്തിയതും  തുടങ്ങി, "പ്ലസ്‌ടു  സയന്‍സ് ഗ്രൂപ്പ്‌ എടുക്കുന്നത നല്ലത്. അതിനു നല്ല സ്കോപാണ്.  അതാകുമ്പോ സ്കൂളില്‍ പോകുന്നതിനോപ്പം തന്നെ എന്ട്രന്‍സ് കോച്ചിങ്ങിന് പോകാം. എന്നിട്ട് എന്‍ജിനിയറിങ്ങ്, മെഡിസിന്‍ മുതലായ എതെങ്കിലുമൊന്നു എടുക്കാം. ഇപ്പൊ അതിനാ സ്കോപ്. ഇനി എങ്ങാനും എന്ട്രന്‍സ് കിട്ടിയിലെങ്കിലും സയന്‍സ് ആകുമ്പോ വേറെ വിഭാഗത്തിലെക്കും മാറാന്‍ എളുപ്പമാണ്. അപ്പൊ വല്ല ബി.കോം ചെയ്യ്താല്‍ നല്ല സ്കോപ് ആണ്.  ബാങ്കിലൊക്കെ കിട്ടിയ കല്യാണ മാര്‍ക്കറ്റിലൊക്കെ ഇപ്പൊ എന്താ സ്കോപ്."

    അങ്ങനെ പത്തു ഒരു വിധം കഴിഞ്ഞു പ്ലസ്‌ടു എത്തി. വീണ്ടും തുടങ്ങി. "സയന്‍സ് എടുത്താല്‍ മതിട്ടോ. എന്താ ഇപ്പൊ ഒരു എന്‍ജിനിയര്‍ ഡോക്ടര്‍ എന്നൊക്കെ  പറഞ്ഞാല്‍ ഉള്ള വില. അതിനൊക്കെ ഇപ്പൊ സ്കോപ് ഉള്ളു. പ്രത്യേകിച്ചും ഐ.ടി.യുടെ സ്കോപ് പറയണ്ട. "

  ഒടുക്കം സയന്‍സ് ഗ്രൂപ്പ്‌ തന്നെ എടുത്തു. ബയോളജി പഠിക്കാനുള്ള അതിയായ താത്പര്യക്കുറവ്  കാരണം കമ്പ്യൂട്ടര്‍ സയന്‍സ്  എടുത്തു. അപ്പൊ, "അതെന്തേ കമ്പ്യൂട്ടര്‍ എടുത്തേ. ഇനിയിപ്പോ മെഡിസിന്‍ എഴുതാന്‍ പറ്റില്ലല്ലൊ. ശോ... കഷ്ടായി.. ഒരു ഡോക്ടര്‍ എന്നൊക്കെ പറഞ്ഞാല്‍ നല്ല സ്കോപ് ആയിരുന്നു. ഒരു എം.ബി.ബി.എസ്. ഉണ്ടെങ്കില്‍ തന്നെ രോഗികള്‍ ക്യു അല്ലെ. ആഹ്... ഇനി പറഞ്ഞിട്ട്  കാര്യമില്ല."

പ്ലസ്‌ ടു കാലം കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോള്‍, "ഈ വര്‍ഷം പ്ലസ്‌ ടു പരീക്ഷ എഴുതുകയല്ലേ. എന്ട്രന്‍സ് കോച്ചിംഗ് പോകുന്നുണ്ടലോലെ. എന്ട്രന്‍സ് എന്തായാലും എഴുതണം. മെഡിസിന്‍ എന്തായാലും പറ്റിലാലെ. പോട്ടെ. എന്ജിനിയറിങ്ങിനും നല്ല സ്കോപ് ആണല്ലോ. അത് എഴുതാതിരിക്കണ്ട. ഇനി എഞ്ചിനീയറിങ്ങിനു സ്കോപ് നോക്കി വേണം ബ്രാഞ്ച് തിരഞ്ഞെടുക്കാന്‍ കേട്ടോ. ഐ.ടി നല്ല സ്കോപ് ആണ്. പിന്നെ സിവില്‍ എന്താ സ്കോപ് നാട്ടില്‍ തന്നെ. ഇലക്ട്രോണിക്സ് നല്ല സ്കോപ് ആണ് വിദേശത്തു. മെക്കാനിക്കല്‍ ഒക്കെ എടുത്താല്‍ നല്ല സ്കോപ് അല്ലെ. എന്റെ ഏട്ടന്റെ ഭാര്യേടെ അമ്മാവന്റെ മകന്റെ ഭാര്യേടെ  ചെറിയച്ചന്റെ മകള്‍ടെ മകന്‍ മെക്കാനിക്കല്‍ ആണ്. നല്ല സ്കോപ് ആണുനു ഉറപ്പല്ലേ."

അങ്ങനെ എഞ്ചിനിയറിങ്ങിനു പ്ലസ്‌ ടു ഹാങ്ങോവറില്‍ കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ എടുത്തു. "കമ്പ്യൂട്ടര്‍ സയന്‍സ് ആണല്ലേ. അതും ഐ.ടിയും ഒക്കെ ഒന്ന് തന്നെയല്ലെ.  അതിനിപ്പോ പഴയ സ്കോപ് ഇല്ലനാണല്ലോ കേള്‍ക്കണതു. ശരിയാണോ. സിവില്‍ എടുക്കായിരുന്നു. നല്ല സ്കോപ് അല്ലെ. എന്റെ വകയില്‍ ഒരു അമ്മാവന്റെ മകന്‍റെ കുട്ടി  സിവിലാണ് എടുത്തിരിക്കണത്."

ഒടുക്കം നാലു കൊല്ലം പഠിച്ചു പുറത്തിറങ്ങി. ഒപ്പം പഠിച്ചവന്മാരുമായുള്ള വട്ട മേശ സമ്മേളനങ്ങളില്‍, "അളിയാ ഇനി എന്താടാ പ്ലാന്‍. കോഴ്സ് കഴിഞ്ഞു. എങ്ങനെയെങ്കിലും  ഒരു ജോലി തപ്പിയെടുക്കണ്ടേ. വല്ല കോഴ്സ് ചെയ്താല്‍ നല്ല സ്കോപ് ആണെന്ന എല്ലാവരും പറയുന്നത്.  ആ വഴിക്ക് നോക്കിയാലോ. പക്ഷെ സ്കോപ് ഏതാനു  നല്ലവണം ആലോചിച്ചിട്ട് മതി. വെറുതെ എന്തെങ്കിലും കോഴ്സ് ചെയ്തിട്ട് കാര്യമില്ലലോ. സ്കോപ് ഇല്ലാത്ത വല്ലതും ചെയ്താല്‍ ആ കാശ് നഷ്ടം എന്നല്ലാതെ ഒരു കാര്യവും ഉണ്ടാകില്ല."

അങ്ങനെ ഒരു ജോലിയൊക്കെ കിട്ടി. ഹോ... സമാധാനം ഇനി കേള്‍ക്കണ്ടല്ലോ ഈ കോപ്പ് എന്ന് വിചാരിച്ചു സന്തോഷിച്ചപ്പോ,

" അരുണേ, മോന്‍ എന്‍ജിനിയറിങ്ങ് കഴിഞ്ഞു ഇപോ ജോലിയൊക്കെ ആയില്ലെ. എന്റെ മകള്‍ടെ കുട്ടിയെ ഏതിന് വിടണമെന്ന ആലോചനയിലാണ്. ഏതാ ഇപ്പൊ സ്കോപ് ഉള്ളത്. എന്ജിനിയറിങ്ങ് വേണോ മെഡിസിന്‍ വേണോ."

"രണ്ടായാലും അതിന്‍റെതായ ഗുണവും ദോഷവും ഉണ്ട്. അവര്‍ക്ക് ഏതാ ഇഷ്ടം എന്നതിനനുസരിച്ചിരിക്കും."

"എന്നാലും ഏതിനാ സ്കോപ് കൂടുതല്‍."

"ഈ സ്കോപ് എന്നൊക്കെ പറയണതില്‍ ഒരു പരിതി വിട്ടു കാര്യമില്ല. കുട്ടിക്ക് ഏതാ പഠിക്കാന്‍ ഇഷ്ടം എന്ന് വെച്ചാല്‍ അതിനു വിടൂ. ആ കുട്ടിക്ക് ഏറ്റവും സ്കോപ് അതിലായിരിക്കും."

"അവള്‍ക്കങ്ങനെ പ്രത്യേക ഇഷ്ടങ്ങള്‍ ഒന്നുമില്ല. അവള്‍ടെ അമ്മയ്ക്കും അച്ഛനും എന്‍ജിനിയര്‍ ആകണമെന്ന. ഇപ്പൊ എല്ലാ വിഷയത്തിനും ട്യൂഷന്‍ ഒക്കെ ഉണ്ട്. അതൊക്കെ നല്ലതാണലോല്ലേ."

"ആഹ്... കോച്ചിങ്ങിനു പോകുന്നുണ്ടോ?"

"ഇപ്പൊ ഇല്ല. ഒരു എട്ടാം ക്ലാസ്സിലൊക്കെ എത്തിയാല്‍ IIT കോച്ചിങ്ങിനു വിടണം വിചാരിക്കുന്നു. IIT  ഒക്കെ കിട്ടിയാല്‍ നല്ല സ്കോപ് അല്ലെ."

"അപ്പൊ കുട്ടി ഇപ്പൊ ഏതു ക്ലാസിലാണ്."

"ഈ വര്‍ഷം ഒന്നിലേക്കായി."

കുഞ്ഞനിയത്തി, ദൈവം നിനക്ക് ക്ഷമിക്കാനുള്ള കരുത്തു തരട്ടെ.

Tuesday, January 29, 2013

വിശ്വരൂപം

 ഇതൊരു  സിനിമ നിരൂപണം അല്ല. വിശ്വരൂപം എന്ന തമിഴ്  സിനിമ ഇന്ത്യ ഒട്ടാകെ ഉണ്ടാക്കുന്ന  കോലാഹലങ്ങള്‍ കാണുമ്പോള്‍ എഴുതാന്‍ തോന്നിയ കുറച്ചു കാര്യങ്ങള്‍ മാത്രം.

     കമലഹാസന്റെ ഏതു  സിനിമ ഇറങ്ങുമ്പോഴും അതിനോടൊപ്പം  വിവാദങ്ങളും പതിവാണ്. വിശ്വരൂപത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തിയേറ്ററില്‍ സിനിമ ഇറക്കുനതിനോടൊപ്പം തന്നെ ഡി.ടി.എച് . സംവിധാനം വഴി ടി.വിയിലും ഒരു ദിവസം സിനിമ പ്രദര്‍ശി പ്പിക്കുക  എന്ന  പുതിയ ഒരു ആശയം ആണ് ഇത്തവണ  വിവാദങ്ങള്‍ക് തുടക്കം  കുറിച്ചത്. തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകളും മറ്റും സിനിമ പ്രദര്‍ശിപ്പിക്കില്ല  എന്നും കമല്‍ തീരുമാനം പുനപരിശോധിക്കണം  എന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു.

    കമല്‍ സിനിമകളുടെ കൂടെയുള്ള സ്ഥിരം വിവാദങ്ങള്‍ എന്നതിനപ്പുറത്തേക്കു  ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വിശ്വരൂപത്തിനെ  ചുറ്റിപറ്റിയുള്ള  വിവാദങ്ങളെ സൂക്ഷികേണ്ടിയിരികുന്നു . മതവാതികള്‍ (അതോ തീവ്ര (മത )വാതികളോ?) ഈ സിനിമക്കെതിരെ  ഉയര്‍ത്തിയ ഉയര്‍ത്തുന്ന വിവാദങ്ങള്‍ എന്തിനു എന്ന് മനസിലാകുന്നില്ല. അവര്‍ പറയുന്ന കാരണം ഇസ്ലാം എന്ന മതത്തെയും അതിന്റെ വിശ്വാസികളെയും അവഹേളിക്കുന്ന ഒരു ചിത്രമാണ്‌ ഇത് എന്നാണ്. സിനിമ ഇറങ്ങുന്നതിനും മുന്‍പ് അതിന്റെ ഉള്ളടക്കം ആരുടെ ത്രികാല ജ്ഞാനത്തില്‍ തെളിഞ്ഞതാണോ എന്തൊ .

    അഫ്ഘാനിസ്ഥാനിലെ തീവ്രവാദവും അതിനെതിരെയുള്ള അമേരിക്കയുടെ നീക്കങ്ങളും മറ്റുമൊക്കെയാണ്   ഈ സിനിമ. അതില്‍ ഇന്ത്യ എന്നാ രാജ്യം പോലും കാണി ക്കുന്നില്ല . ഇവിടുത്തെ മുസ്ലിം സഹോദരങ്ങളെ പറ്റി പറയുന്നുമില്ല. പിന്നെയും എന്ത്കൊണ്ടു  ഇവിടെ ഇത്രയും വിവാദങ്ങള്‍ എന്ന്  മനസിലാകുനില്ല. ഇനി ലോകത്തെ  മൊത്തം മുസ്ലിം സമൂഹത്തിനും വേണ്ടിയാണു ഈ വിവാദങ്ങള്‍ എങ്കില്‍ ആ സഹജീവി സ്നേഹം നല്ലത് തന്നെ. പക്ഷെ ആ സിനിമയില്‍ എവിടെയും ലോകത്തെ മുഴുവന്‍ മുസ്ലിം സഹോദരങ്ങളെ മോശക്കാരായി ചിത്രീകരിക്കുനില്ല അല്ലെങ്കില്‍ മുസ്ലിം എന്ന മതം മോശമാണ് എന്നും പറയുന്നില്ല. പിന്നെ ആകെയുള്ളത് അഫ്ഘാനിസ്ഥാനിലെ തീവ്രവാദികള്‍ മുസ്ലിം മതത്തില്‍ പെട്ടവരാണ് എന്നതാണ്. അത് ഒരു സാങ്കല്പിക സൃഷ്ടി ഒന്നുമല്ല എന്നത് എല്ലാവര്ക്കും അറിയാം.

    അഫ്ഘാനിസ്ഥാനില്‍ ഇത്തരം തീവ്രവാദികള്‍ ഉണ്ട് എന്നതും അവര്‍ അവിടെ എന്തൊക്കെ  ചെയ്തു കൂട്ടുന്നു എന്നതും എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ്. അത് സിനിമയില്‍ കാണിക്കുമ്പോള്‍ മുസ്ലിം സമൂഹത്തെ മൊത്തത്തില്‍ അപമാനിക്കല്‍ ആകുമോ.  ആണെങ്കില്‍, സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രവാചകനെയും  ഈ മതത്തെയും അപമാനിക്കുന്നത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ കൊന്നൊടുക്കുന്ന ഈ തീവ്രവാദികള്‍ അല്ലെ. അപ്പൊ അവര്‍ക്കെതിരെയല്ലേ ഈ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തേണ്ടത്. അവരെ എങ്ങനെ ഇല്ലാതാക്കാം  എന്നല്ലേ ചിന്തിക്കേണ്ടത്.

  ഈ സിനിമാക്കെതിരെ കൊടി പിടിക്കുന്ന സഹോദരങ്ങള്‍ ഒരു കാര്യം ആലോചികുക. ലോക മുസ്ലിം ജനതയുടെ നൂറില്‍ ഒരംശം മാത്രം വരുന്ന ഈ വിഭാഗത്തെ കുറിച്ച് മോശമായി  പറഞ്ഞാല്‍ ഇല്ലതകുന്നതാണോ ഇസ്ലാം എന്ന  മതത്തിന്റെ വിശ്വാസ്യത. അങ്ങനെ നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് നിങ്ങള്‍ടെ മതത്തില്‍ വിശ്വാസം ഇല്ല എന്നാണ്. ഇസ്ലാം എന്ന മതത്തിലും പരമ കാരുണ്യവാനായ അല്ലാഹുവിലും വിശ്വസിക്കുന്ന ഒരു മുസ്ലിം സഹോദരനും ഇത്തരo  ബാലിശമായ വിവാദങ്ങള്‍ മുഖവിലകെടുകില്ല എന്നാണ് എന്റെ വിശ്വാസം.

   കഥ പറയുമ്പോള്‍ എന്ന സിനിമയുടെ അവസാനം മമ്മൂക്ക നടത്തുന്ന പ്രസംഗത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. 'മനുഷ്യനെ വല്ലാതെ സ്വാധീനിക്കുന്ന ഒന്നായി കല ഇനിയും മാറിയിട്ടില്ല. പണ്ട് വൈലോപ്പിള്ളി മാമ്പഴം  എന്ന കവിതയില്‍ കുട്ടി മാമ്പൂ നുള്ളിയതും  അതിനു കുട്ടിയെ അമ്മ അടിച്ചതും പിന്നീടു കുട്ടി മരിച്ചപ്പോള്‍ അതോര്‍ത്തു അമ്മ സങ്കടപെടുന്നതുമൊക്കെ എഴുതിയപോള്‍ ആ കവിത എല്ലാ മലയാളികളുടെയും മനസ്സില്‍ ഒരു നൊമ്പരം ഉണ്ടാക്കി. പക്ഷെ ഇന്നും കുട്ടികള്‍ മാമ്പൂ  നുള്ളുന്നുമുണ്ട് അതിനു അമ്മമാര്‍ തല്ലുന്നുമുണ്ട്  എന്ന്'.

  സിനിമയും മറ്റു കലകളുമൊക്കെ  അതായി തന്നെ ഇരിക്കട്ടെ. അവിടേക്ക് മതവും ജാതിയും ഒന്നും ദയവു ചെയ്തു കയറ്റാതിരിക്കു. കമലഹാസ്സന്‍ തന്നെ പറഞ്ഞ പോലെ ഇത്തരം സംസ്ക്കാരിക തീവ്രവാദം അവസാനിപിക്കേണ്ടിയിരിക്കുന്നു.


   "എപ്പോള്‍ ഒരുവന്‍ ദൈവത്തിന്റെ സന്ദേസങ്ങളെ  എതിര്‍ക്കുന്നതോ  അവഹേളിക്കുന്നതോ നിങ്ങള്‍ കേള്‍ക്കുന്നുവോ, അവന്‍ മറ്റൊരു സംഭാഷണത്തിലേക്ക്  കടക്കുന്നത്‌ വരെ അവന്റെ കൂടെ ഇരിക്കതിരിക്കുക"
                                                                           (വിശുദ്ധ ഖുര്‍ആന്‍ 4:140)

അവന്റെ കൂടെ ഇരിക്കതിരിക്കാനെ ഖുര്‍ആന്‍ പറയുന്നുള്ളൂ. അല്ലാതെ പറയുന്നവനെ കൊല്ലാനും കല്ലെറിയാനും അല്ല.

ജയ് ഹിന്ദ്‌ ...