Tuesday, February 18, 2014

ഒരു 'കഥ'


പേര് : ' വിവരമില്ലായ്മ'

പ്രധാന കഥാപാത്രങ്ങൾ : 
* കൊച്ചുകുറുപ്പ്
* ജസീല
* സിന്ധു
* സംഘടന

ടൈറ്റിൽ കാർഡ്‌ 

   'ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമല്ല. അവർക്ക് ഏതെങ്കിലും വ്യക്തികളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും മനപ്പൂർവമാണ്‌.'

സീൻ 1

(താഴെ 'കുറച്ചു കാലങ്ങൾക്ക് മുൻപ്' എന്ന് കാണിക്കണം.)

സ്ഥലം : എറണാകുളം 

കൊച്ചുകുറുപ്പു എന്ന ഒരു വലിയ വ്യവസായ പ്രമുഖന്റെ ഒരു സ്ഥാപനം. അവിടെ കുറച്ചു തൊഴിലാളികൾ ഒരു ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുകയും കയറ്റുകയുമൊക്കെ ചെയ്യുന്നു. പെട്ടെന്ന് അവിടേക്ക് കുറച്ചു ആളുകൾ വരുന്നു. ചുമട്ടു തൊഴിലാളികളുടെ വേഷം. 

അവർ സാധനങ്ങൾ ഇറക്കുകയും കയറ്റുകയുമൊക്കെ ചെയ്യുനതു തടയുന്നു. അത് തങ്ങളുടെ അവകാശമാണ് വേറെ ആരും ചെയ്യാൻ പാടില്ല ഏന് പറഞ്ഞു തർക്കിക്കുന്നു. അവസാനം തടസ്സം ഉണ്ടാക്കാതിരിക്കണമെങ്കിൽ അവർക്ക് നോക്ക് കൂലി വേണം എന്ന് ആവശ്യപെടുന്നു. വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത കൊച്ചുകുറുപ്പ് സ്വയം സാധനങ്ങൾ ഇറക്കി വെക്കുക വരെ ചെയ്യുന്നു. പിന്നീട് കുറുപ്പ്  കോടതിയെ സമീപിക്കുകയും അനുകൂലമായി വിധി നേടിയെടുക്കുകയും ചെയ്യുന്നു.


സീൻ 2 

(താഴെ 'ഈ അടുത്ത കാലത്ത്')

സ്ഥലം : തിരുവനന്തപുരം

തലസ്ഥാനത്തെ സെക്രട്ടറിയേറ്റിനു മുന്നിൽ ഒരു സമര പന്തൽ. ആളുകൾ അങ്ങോട്ട്‌ തന്നെ ശ്രദ്ധിക്കുന്നു. ഒരു സ്ത്രീയും 3 കുട്ടികളുമാണ് പന്തലിനുള്ളിൽ. ആ സ്ത്രീ ജസീലയാണ്. കൂടെയുള്ളത് അവരുടെ കുട്ടികളും. തങ്ങളുടെ നാട്ടിലെ മണൽ മാഫിയകളുടെ ശല്യം സഹിക്കാതെ അതിനു പരിഹാരം കാണാൻ സമരം ചെയ്യുകയാണ് ജസീലയും കുട്ടികളും. ഒരു വീട്ടമ്മ കുട്ടികളെയും വെച്ച് ചെയുന്ന സമരമായത് കൊണ്ട് ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങൾ വരെ ഇവരുടെ വാർത്തകൾ കവർ ചെയ്യുന്നു. 

ഇവരെ കുറിച്ച് കൊച്ചുകുറുപ്പ് അറിയുന്നു. ഇത്തരം സാമൂഹിക വിഷയങ്ങളിൽ ഇടപെടാൻ വളരെ തൽപരനായ കുറുപ്പ് ഇവരുടെ കാര്യത്തിലും പതിവ് തെറ്റിക്കുന്നില്ല. ജസീലക്ക് 5 ലക്ഷം പാരിതോഷികം കുറുപ്പ് പ്രഖ്യാപിക്കുന്നു.

സീൻ 3 

സ്ഥലം : തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ സംഘടന പ്രധിഷേധ പ്രകടനം നടത്തുന്നു. കാരണം..(അല്ലെങ്കിൽ വല്യേ കാരണമൊന്നും വേണമെന്നില്ല). പ്രകടനം നടത്തുന്നു. ഒരു വീട്ടമ്മ, സിന്ധു ആ വഴി നടന്നു വരുന്നു. ആ വഴിക്കാണ് അവരുടെ വീട്. സംഘടനയുടെ പ്രകടനം കാരണം സിന്ധുവിന് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയാകുന്നു. അവസാനം സിന്ധു സംഘടനയോട് കയർക്കുന്നു. എതിർത്താൽ തകർക്കും, ഒന്ന് രണ്ടു മൂന്നു എന്നൊന്നും പറയാത്ത വളരെയധികം സമാധാന പ്രിയരായ പാവം സംഘടനയുടെ മുഖം വിളറി വെളുക്കുന്നു. മുഖത്തിന്റെ ഒരു close-up ഷോട്ട്.

ഇതും കൊച്ചു കുറുപ്പ് അറിയുന്നു. ഇവർക്കും പ്രഖ്യാപിക്കുന്നു ഒരു 5 ലക്ഷം. നിഷ്കളങ്കരയ പാവം സംഘടനയെ ചീത്ത പറഞ്ഞതിന് കുറുപ്പ് 5 ലക്ഷം കൊടുക്കുന്നതിന്  സങ്കടപ്പെട്ടിരിക്കുന്ന സംഘടനയുടെ ഒരു close-up ഷോട്ട്.

ഇതിനിടെ സിന്ധുവിന്റെ വീടിനും മറ്റും നേരെ ഇടക്കിടെ ആക്രമണങ്ങൾ ഉണ്ടാകുന്നു. ആരാണെന്നു അറിയില്ല. ആരാകും അത്.? 

ഇവിടെ ഇന്റർവെൽ.

സീൻ 4

സ്ഥലം : എറണാകുളം 

പ്രഖ്യാപിച്ച പൈസ കൊടുക്കാൻ കൊച്ചുകുറുപ്പ് തീരുമാനിക്കുന്നു. അതിനായി ഒരു പൊതു പരിപാടി സംഘടിപ്പിക്കുന്നു. ആ വേദിയിലേക്ക് രണ്ടു പേരെയും ക്ഷണിക്കുന്നു. 

ഇവിടെ ട്വിസ്റ്റ്‌. സിന്ധുവിന്റെ കൂടെ വേദി പങ്കിടാൻ പറ്റില്ല എന്ന് ജസീല. ജസീല എന്തിനു അങ്ങനെ പറഞ്ഞു? 

അങ്ങനെ കൊച്ചുകുറുപ്പ് സിന്ധുവിന് മാത്രം തുക നൽകുന്നു. ജസീലക്ക് പ്രഖ്യാപിച്ച തുക. അവർക്ക് വേണ്ടെങ്കിൽ മക്കളുടെ പേരിൽ ബാങ്കിൽ ഇടാം എന്ന് കുറുപ്പ് പറയുന്നു. അതും ജസീല സമ്മതിച്ചില്ല. എല്ലാവരും ആ കാര്യം വിടുന്നു.

സീൻ 5

സ്ഥലം : എറണാകുളം

കഥയിലെ അടുത്ത ട്വിസ്റ്റ്‌. കുറുപ്പിന്റെ വീടിനു മുൻപിൽ ഒരു സമര പന്തൽ. തനിക്കു തരാം എന്ന് പറഞ്ഞ തുക കുറുപ്പ് തരുന്നില്ല എന്ന് പറഞ്ഞു ജസീലയും മക്കളുമാണ് സമരക്കാർ. മണൽ മാഫിയ ചെയുന്നതിനെക്കൽ വലിയ തെറ്റാണല്ലോ വേണ്ടാന്ന് പറഞ്ഞ തുക തരുന്നില്ല എന്ന് പറയ്യുന്നത്. നമ്മുടെ പാവം സംഘടന ജസീലയുടെയും മക്കളുടെയും കഷ്ടപാട് കണ്ടു അവർക്ക് പൂർണ  പിന്തുണ നല്കി. അങ്ങനെ 2-3 ദിവസം കഴിഞ്ഞു. കുറുപ്പിന് അനക്കമില്ല. ജസീല വിട്ടു കൊടുത്തില്ല. സമരം പോലീസ് സ്റ്റേഷന് മുൻപിലെക്കാക്കുന്നു. കുറുപ്പ് നീതി പാലിക്കുകയാണ് ആവശ്യം. 

അതും ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുറുപ്പിന് ജസീല ഒരു ഔദാര്യം കൊടുത്തു. 5 ലക്ഷം തരാം എന്ന് കുറുപ്പ് പറഞ്ഞത് അയാൾ പിൻവലിക്കണം. എങ്കിൽ സമരം നിർത്താം. അവസാനം കുറുപ്പ് തുക പിൻ‌വലിക്കുന്നു.

(തനിക്കു മാനഹാനി ഉണ്ടാക്കി എന്ന് പറഞ്ഞു ഒരു പത്രത്തിന്റെ ഓഫീസിനു മുന്പിലും ജസീല സമരം നടത്തുന്നുണ്ട്. അതിനു സൈഡ് ട്രാക്ക് വേറെ ഇട്ടിട്ടുണ്ട്.)

(ഇനി എഴുതാൻ ഉള്ളത് ക്ലൈമാക്സ്‌ ആണ്. ക്ലൈമാക്സ്‌ ആകുമ്പോ ഒരു ട്വിസ്റ്റ്‌ വേണം. ഒരു വില്ലൻ. ആരെ വില്ലനാക്കും. നിങ്ങടെ അഭിപ്രായം കിട്ടിയാൽ നന്നായിരുന്നു. 

  ഇതൊക്കെ ചെയ്തത് കൊച്ചു കുറുപ്പ് ആണ് എന്നാക്കാം. കാരണം ഇത്രയും കാലമായിട്ടും അങ്ങേരെ ആർക്കും അരിയില്ലലൊ. അപ്പൊ ഒരു ലേശം പ്രശസ്തി കിട്ടാൻ ചെയ്തതാവാലോ. 

ഇനി അതല്ലെങ്കിൽ സിന്ധുവിനെയാക്കാം. ഏതോ നേതാവ് പറഞ്ഞ പോലെ അവര് മറ്റേ പാർട്ടിയെ പോലെ ചിന്തിക്കുന്ന ആളാണ്. അത് കൊണ്ട് ചെയ്തതാകും. അല്ലാതെ അവരുടെ വീട്ടിലേക്കുള്ള വഴി തടഞ്ഞാൽ അവർക്കെന്താ.

പിന്നെ ജസീലയെ ആക്കണമെങ്കിൽ കൊച്ചുകുറുപ്പിനോടുള്ള ഒരു പൂർവ്വ വൈരാഗ്യം വല്ലതും കൊണ്ട് വരാം. 

ഈ 3 പേരിൽ ആരായാലും കുഴപ്പമില്ല. പക്ഷെ സംഘടനയെ മാത്രം വില്ലനാക്കാൻ പാടില്ല. അത് ആ പാവം സംഘടനയോട് ചെയുന്ന തെറ്റാണ്. സിന്ധുവിന്റെ വീടിനു നേരെ കല്ലെറിഞ്ഞത് സംഘടനയാണ് എന്ന് പറയാൻ പറ്റുമൊ. കാരണം അക്രമ രാഷ്ട്രീയം എന്താണ് എന്ന് പോലുമറിയാത്ത ഒരു പാവം സംഘടനയാണ് അത്. പിന്നെ ജസീലയോട് സിന്ധുവിന്റെ കൂടെ വേദി പങ്കിടണ്ട എന്നും, കുറുപ്പ് പഴയ ചുമട്ടു തൊഴിലാളി പ്രശ്നത്തിലും സിന്ധുവിന്റെ കാര്യത്തിലും തങ്ങൾക്കു എതിരായി നിന്നു എന്ന് വെച്ച്, തങ്ങളെ എതിർക്കുന്നവരോട് ക്ഷമിക്കാൻ മാത്രം അറിയുന്ന സംഘടന കുറുപ്പിനെതിരെ എന്തെങ്കിലും ചെയ്തു എന്ന് പറയ്യുന്നത് തെറ്റല്ലേ. കഥയിൽ ചോദ്യമില്ല എന്നാണെങ്കിലും ഒരു തെറ്റും ചെയ്യാത്തവരെ കുറ്റക്കാരാക്കുന്നതു ശരിയല്ലല്ലോ.)

അടിക്കുറിപ്പ് : സംഘടന ഇപ്പൊ കേരളത്തെ രക്ഷിക്കാൻ മാർച്ച്‌ നടത്തിക്കൊണ്ടിരിക്കുകയല്ലേ നിങ്ങൾ ഒരു കാര്യം ചെയ്യൂ. ഈ മാർച്ച്‌ നേരെ അങ്ങ് ബംഗാളിലേക്ക് പൊയ്ക്കൊള്ളു. കേരളം രക്ഷപെടാൻ വേണ്ടിയല്ലാട്ടോ. നിങ്ങളെങ്കിലും രെക്ഷപ്പെടാൻ വേണ്ടിയാ. അതും പോരാ എന്നുണ്ടെങ്കിൽ അവിടുത്തെ ആൾക്കാരെയും കൂട്ടി നേരെ ചൈനയിലേക്ക് വിട്ടോള്ളൂ. ഇന്ത്യ കുറച്ചെങ്കിലും നന്നാവും, എന്ന് അസൂയക്കാര് പറയും. പക്ഷെ അല്ല, നിങ്ങല്ലെങ്കിലും കുറച്ചു നന്നാവും. ലാൽ സലാം 

Wednesday, January 08, 2014

2013-ൽ ഞാൻ കണ്ടത്

* Ne Ko Njan Cha  
       ന്യൂ ജെനറേഷൻ തരംഗത്തിൽ ഉൾപ്പെട്ട ഒരു സിനിമ. ഒരു മാറ്റം എന്ന് പറയാനുള്ളത് ഈ ചിത്രം ഒരു  സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്നു എന്നത് മാത്രമാണ്. 2/5.

* Annayum Rasoolum   
       കണ്ടിരിക്കാവുന്ന ഒരു പ്രണയ കഥ. ചിലയിടങ്ങളിൽ ഇഴച്ചിൽ അനുഭവപെടുമെങ്കിലും പ്രണയത്തിന്റെ സുഖവും ദു:ഖവും വേദനയുമെല്ലാം മനസ്സിൽ കോറിയിടുന്ന ഒരു ചിത്രം.  2.75/5.

* Mad Dad  
        ലാൽ-നസ്രിയ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം. വ്യത്യസ്തതകൾ ഒന്നും സമ്മാനിക്കാത്ത, കാണണം എന്ന് തോന്നാൻ കാരണങ്ങൾ ഒന്നും നൽകാത്ത ഒരു ചിത്രം. 1.5/5.

* Kammath and Kammath   
        ഉദയ്-സിബി കൂട്ടുകെട്ടിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഫോർമുലയിൽ നിന്ന് അണുവിട തെറ്റാത്ത സിനിമ. മമ്മുട്ടി-ദിലീപ്  കൂട്ടുകെട്ടും, കൊങ്ങിണി കലർന്ന മലയാളവുമാണ് ചിത്രത്തിന്റെ പ്രത്യേകതകൾ. ഉദയ്-സിബി ഫോർമുലയുടെ ആരാധകരായ സ്ത്രീകള്ക്കും കുട്ടികൾക്കും രസിക്കുന്ന ഒരു ചിത്രം. 2.25/5.

* Lokpal   
        റണ്‍ ബേബി റണ്‍ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ജോഷി-മോഹൻലാൽ കൂടുകെട്ടു ഒന്നിക്കുന്ന ചിത്രം,ലോക്പാൽ എന്ന പേര് ഒക്കെ കാരണം ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന ഒരു ചിത്രം. പഴയകാല പ്രതാപത്തിന്റെ നിഴൽ വെട്ടത്തു പോലും ഇല്ലാത്ത S N Swami എന്ന തിരക്കഥാകൃത്തിൽ ആയിരുന്നു പേടി ഉണ്ടായിരുന്നത്. പേടിച്ചത് തന്നെ സംഭവിച്ചു. കെട്ടുറപ്പില്ലാത്ത തിരക്കഥയെ തന്നാൽ കഴിയുന്ന വിധം നന്നാക്കാൻ ശ്രമിച്ചെങ്കിലും ജോഷി പരാജയപെട്ടു.  1.75/5.

 * Celluloid 
           മലയാള സിനിമയുടെ പിതാവായ ശ്രീ.ജെ.സി.ഡാനിയലിനു നൽകിയ ഒരു വലിയ സമർപ്പണം. കമൽ എന്ന സംവിധായകന്റെ പ്രവർത്തി പരിചയവും പ്രിഥ്വിരാജ് എന്ന നടന്റെ അഭിനയ മികവും ഈ സിനിമയെ കഴിഞ്ഞ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാക്കുന്നു.3.75/5 .

  * Shutter
            പ്രേക്ഷകന്റെ മനസ്സിനെ കീഴടക്കിയ മറ്റൊരു ചെറിയ സിനിമ. സാധാരണക്കാരായ കുറച്ചു മനുഷ്യരുടെ ജീവിതം മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ലാൽ, ശ്രീനിവാസൻ, സജിത മഠത്തിൽ, വിനയ് എന്നിവരുടെ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി. 4/5

* KiliPoyi 
            വീണ്ടും ഒരു ന്യൂ ജെനറേഷൻ. തിയേറ്ററിൽ ഇരുന്നു സിനിമ കാണുക ചിരിക്കുക, സിനിമ കഴിയുമ്പോൾ അതിനെ അവിടെ തന്നെ മറന്നു പോരുക എന്ന രീതി ഇഷ്ടമാണെങ്കിൽ കാണുന്നത് നഷ്ടമല്ലാത്ത ഒരു ചിത്രം. 2.5/5

* Lucky Star 
          രചന എന്ന മിനിസ്ക്രീൻ സൂപ്പർ താരം ബിഗ്‌ സ്ക്രീൻ അരങ്ങേറ്റം നടത്തിയ ചിത്രം. കൂടെ കുടുംബ സദസ്സുകളുടെ പ്രിയ നായകൻ ജയറാം. ഒരു നല്ല കുടുംബ സിനിമ പ്രതീക്ഷിച്ചു. പ്രതീക്ഷകൽക്കു മുകളിൽ ഒന്നും നൽകിയില്ലെങ്കിലും നിരാശപ്പെടുത്തിയില്ല.   2.75/5

* Amen  
          കഥ പറച്ചിലിന്റെ സ്ഥിരം വഴിയിൽ നിന്ന് മാറി സഞ്ചരിക്കുന്ന ലിജോയുടെ മറ്റൊരു ചിത്രം. കഥ പറച്ചിലിന്റെ ഈ വ്യത്യസ്തത തന്നെയാണ് അമേനിന്റെ മികവും. പോയ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലും നിരാശ പെടുത്താത്ത ചിത്രങ്ങളിൽ തീർച്ചയായും ഈ ചിത്രത്തെ ഉൾപെടുത്താം . 3/5

* Emmanuel   
          മമ്മുട്ടി - ലാൽ ജോസ് കൂട്ടുകെട്ടും ഫഹദിന്റെ സാനിധ്യവുമൊക്കെയായി ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രം. കഴിഞ്ഞ കുറച്ചു കാലമായി മമ്മുക്ക തുടരുന്ന നന്മ വേഷം തന്നെയാണ് ഇമ്മാനുവലിലെതും. എന്നിരുന്നാലും ലാൽ ജോസ് എന്ന സംവിധായകന്റെ കഴിവ് ചിത്രത്തെ കൊള്ളാവുന്ന ഒരു സിനിമയാക്കുന്നു.   2.75/5

* Sound Thoma   
          മസാല പടങ്ങളുടെ ഉസ്താദ് ആയ വൈശാഖും ജനപ്രിയ നായകൻ ദിലീപും ഒന്നിച്ച ചിത്രം, ദിലീപിന്റെ മുറിച്ചുണ്ടൻ കഥാപാത്രം എന്നതൊക്കെ  കൊണ്ട് തന്നെ നല്ല ഒരു കോമഡി മസാല പടം പ്രതീക്ഷിച്ചു. പക്ഷെ  പ്രതീക്ഷക്കൊത്തുയരാൻ ചിത്രത്തിനായില്ല.  2.25/5

* Mumbai Police    
        റോഷൻ - ബോബി-സഞ്ജയ്‌ കൂട്ടുകെട്ട് കാസനോവ തന്നു വല്ലാതെ നിരാശപ്പെടുത്തിയെങ്കിലും അതിന്റെ കുറവൊക്കെ ഇതിൽ പരിഹരിച്ചു. 2013-ലെ മികച്ച സിനിമകളിൽ ഒന്ന്. ഇത്തരം ഒരു കഥ സിനിമയാക്കാൻ ഇവര കാണിച്ച ധൈര്യത്തിനും,  ഇത്തരം ഒരു വേഷം ഇമേജുകളെ ഭയപ്പെടാതെ ചെയ്യാൻ തയ്യാറായ പ്രിഥ്വിക്കും ഒരു സലാം. 3.25/5

* Neram   
          ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ജനിച്ച ഒരു സിനിമ. ക്യാമറക്ക് മുന്നിലും പിന്നിലും ഒട്ടേറെ പുതുമുഖങ്ങൾ ഉണ്ടായിട്ടും അതിന്റെ പാളിച്ചകൾ ഒന്നുമില്ലാത്ത ഒരു ചിത്രം.3/5

* Up & Down-Mukalil Oralundu    
          ഒരു ലിഫ്റ്റിനു മുകളിൽ കാണുന്ന ഒരു ശവം. അവരെങ്ങനെ മരിച്ചു എന്ന് ആ ലിഫ്റ്റിനുള്ളിൽ വെച്ച് തന്നെ തെളിയിക്കുക.മികച്ച രീതിയിൽ എടുക്കാമായിരുന്ന ഈ ഒരു പ്ലോട്ടിനെ ശരാശരിക്കും താഴെ നിൽക്കുന്ന ഒരു ചിത്രമാക്കി മാറ്റി സംവിധായകൻ. 2/5

* Left Right Left     
          ഒരുപാട് നാളുകൾക്കു ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു മികച്ച രാഷ്ട്രീയ സിനിമ. 2013-ലെ മികച്ച ചിത്രങ്ങളിൽ ഒന്ന്. മുരളി ഗോപി - ഇന്ദ്രജിത്ത് - ഹരീഷ് പേരാടി എന്നിവരുടെ പ്രകടനങ്ങളും മികച്ചു തന്നെ നിന്നു.  3.75/5

* 5 Sundarikal     
          5 സംവിധായകരുടെ 5 ചെറിയ  ചിത്രങ്ങൾ. 1)ഷൈജു ഖാലിദിന്റെ 'സേതുലക്ഷ്മി'. മനസ്സില് ഒരു വലിയ വിങ്ങൽ ബാക്കി വെച്ച് അവസാനിക്കുന്ന ഒരു സിനിമ. 3.5/5. 2) സമീർ താഹിറിന്റെ 'ഇഷ'. പ്രത്യേകിച്ചു ഒന്നുമില്ലെങ്കിലും മടുപ്പു തോന്നിപ്പിക്കാതെ പറഞ്ഞു പോയ ഒരു സിനിമ. 2.5/5. 3)ആഷിഖ് അബുവിന്റെ  'ഗൗരി'. ഈ കൂട്ടത്തിൽ ഏറ്റവും മോശമായി എനിക്ക് തോന്നിയ ചിത്രം. സംവിധയകാൻ പറയാൻ ഉദ്ദേശിച്ചത് തന്നെയാണോ സിനിമയായി വന്നത് എന്ന് ഒരു സംശയം.1.75/5. 4)അമൽ നീരദിന്റെ 'കുള്ളന്റെ ഭാര്യ'. അവതരണം കൊണ്ടും കഥ കൊണ്ടും മികച്ചു നിന്ന സിനിമ. അവസാന സീനിൽ കുട ഉയർത്തി പിടിച്ചു നടന്നു പോകുന്ന കുള്ളൻ കണ്ണ് നനയിച്ചു. 3.5/5. 5)അൻവർ റഷീദിന്റെ 'ആമി'. അവസാന ചിത്രം. നന്നായി എടുത്തിട്ടുണ്ട് എന്നത് തന്നെയാണ് ഈ ചിത്രത്തിൻറെ മേൻമ. ഒപ്പം ഫഹദിന്റെ നല്ല അഭിനയവും.2.75/5. മൊത്തത്തിൽ 2.8 + 1(ഈ കൂട്ടായ്മക്ക്) = 3.8/5.

* Police Maman 
        എന്താ ഇപ്പൊ ഇതിനൊക്കെ പറയുക. ഒരു പടം. 0.5/5 

* Kadal Kadannoru Maathukutti 
         മമ്മുക്കയും രഞ്ജിത്തും ഒന്നിച്ചപ്പോൾ നല്ല കഥയുള്ള ഒരു നല്ല സിനിമ പ്രതീക്ഷിച്ചു. നല്ല കഥ ഉണ്ടായിരുന്നു. പക്ഷെ അത് സിനിമയാക്കി വന്നപ്പോൾ പാളി പോയി. അവസാനമാകും തോറും സിനിമ എങ്ങനെ അവസാനിപ്പിക്കണം എന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ലാന്നു തോന്നുന്നു. 2/5 

Memories  
        കഴിഞ്ഞ വർഷത്തെ മറ്റൊരു മികച്ച സിനിമ. ജീത്തു ജോസഫ്‌ എന്ന സംവിധായകന്റെ കഴിവും ശക്തമായ തിരക്കഥയും പ്രിഥ്വിരാജ് എന്ന നടൻറെ പ്രകടനവും എല്ലാം ഈ സിനിമയെ മുന്നിൽ നിർത്തുന്നു. 3.75/5

Neelakasham Pachakadal Chuvanna Bhoomi  
       മലയാളത്തിലെ മികച്ച റോഡ്‌ മൂവീസിൽ ഒന്ന്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളായത് കൊണ്ട് കൂടിയാകാം എനിക്ക് ഒരുപാട് ഇഷ്ടമായി ഈ സിനിമ. പല കാരണങ്ങൾ കൊണ്ടും ഞാൻ വേണ്ടാന്നു വെച്ച ഒരു ബൈക്ക് യാത്രാ മോഹം വീണ്ടും തലപൊക്കി തുടങ്ങി ഇത് കണ്ടപ്പോൾ.  3/5

* Pullipulikalum Aattinkuttiyum  
       അധികം ബഹളങ്ങൾ ഒന്നുമില്ലാത്ത, കണ്ടിരിക്കാവുന്ന ഒരു ചിത്രം. കുട്ടനാടിന്റെ ഭംഗിയും  ലാൽ ജോസ് സിനിമകളുടെ നാട്ടു ഭംഗിയും എല്ലാം മോശമല്ലാത്ത ഒരു സിനിമയാക്കുന്നു ആട്ടിൻകുട്ടിയെ. 2.5/5

* Arikil Oraal   
       ചാപ്റ്റെർസിൽ നിന്നും കുറേ കൂടി മുന്നോട്ടു പോവാൻ  സുനിൽ ഇബ്രാഹിം എന്ന സംവിധായകനു കഴിഞ്ഞു. എങ്കിലും പടം എങ്ങനെ അവസാനിപ്പിക്കണം എന്ന കണക്കു കൂട്ടൽ കൃത്യമായില്ല. അവസാനം വരെ നിലനിർത്തിയിരുന്ന നിഖൂഡതക്ക് ചേർന്ന നല്ലൊരു ക്ലൈമാക്സ്‌ ആയില്ല സിനിമയുടെ.  2.5/5

*SringaraVelan   
       മായാമോഹിനി ശ്രേണിയിലുള്ള മറ്റൊരു ദിലീപ് ചിത്രം. മക്കൾ ഇരിക്കുമ്പോൾ എങ്ങനെ ചിരിക്കും എന്ന്  മാതാപിതാക്കളും, അച്ഛനമ്മമാർ ഇരിക്കുമ്പോൾ എങ്ങനെ ചിരിക്കും എന്ന് മക്കളും ചിന്തിക്കുന്ന കുറെയേറെ തമാശകളാണ് ഈ ഫാമിലി മൂവിയുടെ പ്രധാന ഘടകം. ഒടുക്കം ഒരു തട്ടിക്കൂട്ട് ക്ലൈമാക്സും. 2/5

*North 24 Kaatham   
      ഒരു ചെറിയ നല്ല സിനിമ. ഒരു യാത്ര ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൽ ആണ് കഥ. ഫഹദ്, നെടുമുടി  വേണു, സ്വാതി എന്നിവരുടെ അഭിനയവും, അനിൽ രാധാകൃഷ്ണൻ മേനോൻ എന്ന പുതുമുഖ സംവിധായകന്റെ സംവിധാനവും  രചനയും മികച്ചതായി. പ്രെമേയത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ടും കഴിഞ്ഞ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായി മാറി. 3.75/5

*Radio  Jockey    
       ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ രാജസേനന് ഇത് എന്ത് പറ്റി എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. പുതിയത് ഒന്നുമില്ലെങ്കിൽ പോട്ടെ. ഉണ്ടായിരുന്ന കഴിവ് വരെ പോയോ എന്നാണ് മനസിലാകാത്തത്. ഇതിൽ നായികയുടെ അമ്മയെ കണ്ടാൽ നായികയെക്കൾ പ്രായം കുറവ്. എന്തരാണോ എന്തോ.  1.5/5

*Zachariyayude Garbhinikal    
       സക്കറിയ എന്ന ഗൈനക്കോളജിസ്റ്റും അയാളുടെ ജീവിതത്തിൽ വരുന്ന ഗർഭിണികളും. നല്ലൊരു കഥയും, അത് നൽകുന്ന നല്ലൊരു സന്ദേശവും ആണ് ഈ സിനിമയുടെ മേൻമ. കൂടാതെ ലാൽ, ഗീത എന്നിവരുടെ മികച്ച പ്രകടനവും. സംവിധായകൻ താരതമ്യേന പുതുമുഖമായതിന്റെ പരിചയക്കുറവു ചിലയിടങ്ങളിൽ സിനിമയ്ക്കു ഇഴച്ചിൽ നൽകുന്നു. പിന്നെ ചിലയിടങ്ങളിലെ സനുഷയുടെ അമിതാഭിനയവും.   2.75/5

*Philips And The Monkey Pen 
     മനോഹരമായി പറഞ്ഞു പോയ ഒരു ചെറിയ വലിയ സിനിമ. പറഞ്ഞത് കുട്ടികളിലൂടെ ആണെങ്കിലും, കുട്ടികള്ക്കും വലിയവർക്കും ഒരു നല്ല സന്ദേശം കൂടി കൊടുക്കാൻ കഴിഞ്ഞു. മാസ്റ്റർ സനൂപ് അടക്കമുള്ള ബാലതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 3.75/5

*Geethanjali    
       പ്രിയൻ-മോഹൻലാൽ കൂട്ടുകെട്ട് നൽകുന്ന പ്രതീക്ഷ എപ്പോഴും വലുതാണ്‌. പക്ഷെ പ്രതീക്ഷക്കൊത്തുയരാൻ ഗീതാഞ്ജലിക്കായില്ല. Dr.സണ്ണിക്ക് പ്രാധാന്യം കുറയുകയും നിഷാൻ - കീർത്തി ജോഡിക്ക് പ്രാധാന്യം കൂടുകയും ചെയ്തത് ഒരു തിരിച്ചടിയായി. കീർത്തി തരക്കേടില്ലാതെ തന്നെ ചെയ്തെങ്കിലും മൊത്തത്തിൽ ഒരു സിനിമയെ താങ്ങി നിർത്താനുള്ള കെൽപ്പു ഇല്ല.  എടുത്തു പറയാവുന്ന ഒരു കാര്യം, ഹൊറർ സീനുകൾ നന്നായി എന്നതാണ്. (ഇംഗ്ലീഷ് സിനിമകളുമായൊന്നും തട്ടിച്ചു നോക്കരുത്.)  2.5/5

*Namboothiri Yuvavu @43    
       ഒരുപാട് നാളുകൾക്കു ശേഷം മണിയൻപിള്ള രാജു നായകനായ ചിത്രം. ഇത് തന്നെ പുതുമയായിട്ടുള്ളൂ. 1/5

* Drishyam 
       2013ന്റെ അവസാനത്തിൽ ഇറങ്ങി, പോയ വർഷത്തെ ഏറ്റവും മികച്ച ചിത്രമായി മാറി ദൃശ്യം. ഒരുപാട് കാലങ്ങൾക്ക് ശേഷം പ്രേക്ഷക-നിരൂപക പ്രശംസ ഒരു പോലെ പിടിച്ചു പറ്റിയ ചിത്രം. പഴുതുകളില്ലാത്ത തിരക്കഥ, മികച്ച സംവിധാനം, മികച്ച അഭിനയം അങ്ങനെ എല്ലാം ഒത്തിണങ്ങി വന്ന ഒരു ദൃശ്യ വിസ്മയം.എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുക എന്നത് വളരെ വളരെ അപൂർവമായി മാത്രം സാധിക്കുന്ന ഒരു കാര്യമാണ്. ആ അപൂർവതയും നേടിയെടുക്കാൻ ദൃശ്യത്തിനു കഴിഞ്ഞു. 4.5/5

Tuesday, December 03, 2013

സച്ചിൻ .... സച്ചിൻ


(കാര്യത്തിലേക്ക് കടക്കും മുൻപ് ഒരു ചെറിയ കാര്യം. സച്ചിൻ കളി നിർത്തിയിട്ടു കാലം കുറച്ചു ആയല്ലോടെയ്‌. എന്നിട്ടിപ്പോഴാണോ സച്ചിനെ പറ്റി എഴുതുന്നത്‌ എന്നാരും ചോദിക്കരുത്. അവസാന മത്സരത്തിന്റെ അന്ന് ഇടണം എന്ന് വെച്ച് എഴുതി തുടങ്ങിയതാണ്‌. മടി വളരെ കൂടുതലായത് കൊണ്ട് ഇത്രയും പെട്ടെന്ന് തീർക്കാൻ പറ്റുമെന്ന് ഞാനും കരുതിയില്ല. പിന്നെ സച്ചിനെ പറ്റിയല്ലേ. അതിനു ക്രിക്കറ്റ്‌ ഉള്ളിടത്തോളം കാലം വിലയുണ്ടല്ലോ എന്നാ ധൈര്യത്തിൽ അങ്ങട് എഴുതി തീർത്തു. ഇനി തുടർന്ന് വായിക്കുക.)

കഴിഞ്ഞ കുറച്ചു ദിവസമായി മൊത്തം ഈ ശബ്ദമാണ് എല്ലായിടത്തും കേൾക്കുന്നത്‌. പത്രങ്ങളിൽ സച്ചിനെ കുറിച്ചുള്ള വാർത്തകൾ സച്ചിന്റെ ചിത്രങ്ങൾ, ചാനലുകളിൽ സച്ചിൻ ചർച്ചകൾ. അങ്ങനെ ആകെ സച്ചിൻ മയം.

ഞാൻ ഒരു കടുത്ത സച്ചിൻ ആരാധകനല്ല. സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി, ലക്ഷ്മണ്‍.. അങ്ങനെ ഇന്ത്യൻ ക്രിക്കെറ്റിന്റെ ഈ സുവർണ്ണ താരങ്ങളോടെല്ലാം ഒരുപാടു ആരാധനയും ബഹുമാനവും ഉള്ള ഒരു സാധാരണ ക്രിക്കറ്റ്‌ സ്നേഹി മാത്രമാണ്. 

ഒരു പക്ഷെ സച്ചിനേക്കാൾ അധികം ഞാൻ ആരാധിക്കുനത് ദാദയെയാകും. എങ്കിലും ക്രിക്കറ്റ്‌ എന്ന് പറയുമ്പോൾ ആദ്യം വരുന്ന പേര് ഒന്നേയുള്ളൂ... 'സച്ചിൻ'. ഏതു താരത്തെ ആരാധിക്കുമ്പോഴും ഉറക്കത്തിൽ വിളിച്ചു ക്രിക്കറ്റ്‌ എന്ന് പറഞ്ഞാൽ ചിലപ്പോൾ സച്ചിൻ എന്നാകും ഉത്തരം. ഇത് എന്റെ മാത്രം കാര്യമല്ല എന്ന് ഉറപ്പാണ്‌. ബഹുഭൂരിപക്ഷം ക്രിക്കറ്റ്‌ പ്രേമികളുടെയും കാര്യമാകും. ഏതോ ഒരു സുഹൃത്തിന്റെ facebook സ്റ്റാറ്റസിൽ കണ്ടത് ഇങ്ങനെ: 'ബാറ്റും വിക്കെറ്റും എന്തെന്നറിയാത്ത ഉമ്മ വരെ സച്ചിൻ ഔട്ട്‌ ആയി എന്ന് മനസിലായാൽ പറയും. സച്ചിൻ പുറത്തായില്ലേ മോനെ. ഇനി പോയിരുന്നു പഠിക്കു.' കളി അറിയുന്നവർക്കും അറിയാത്തവർക്കും ക്രിക്കറ്റ്‌ എന്ന് കേട്ടാൽ സച്ചിൻ എന്ന് പറയാനറിയാം. ആ ഒരു കാര്യം തന്നെയാകും സച്ചിന്  മറ്റേതൊരു താരത്തേക്കാളും മുകളിൽ സ്ഥാനം ലഭിക്കാൻ കാരണം.

ഫൂട്ട് വർക്കിന്റെ മനോഹാരിതയും ഷോട്ടുകളുടെ മാസ്മരികതയും മനസിലാകാത്ത ഉമ്മമാരും അമ്മമാരും മുത്തശന്മാരുമൊക്കെ സച്ചിൻ എന്ന പേര് തെറ്റാതെ പറയുമ്പോൾ അത് സച്ചിൻ എന്ന ക്രിക്കറ്റ്‌ താരത്തെക്കൾ സച്ചിൻ എന്ന വ്യക്തിയുടെ നേട്ടമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. എനിക്കും സച്ചിൻ എന്ന താരത്തെക്കാൾ സച്ചിൻ എന്ന മനുഷ്യനോടാണ് കൂടുതൽ ബഹുമാനവും ആരാധനയും തോന്നിയിട്ടുള്ളത്. ക്രിക്കറ്റ്‌ ലോകത്തെ ദൈവം എന്ന് ലോകം മൊത്തം വാഴ്ത്തുമ്പോഴും,  ചുണ്ടിൽ ഒരു ചിരിയുമായി എളിമയോടെ  മാത്രം സംസാരിക്കുന്ന സച്ചിൻ എന്ന ചെറിയ മനുഷ്യന്റെ വലുപ്പം വളരെ വലുത് തന്നെയാണ്. 

ലോകത്തിലെ പല ബ്രാൻഡുകളും സച്ചിൻ എന്ന താരത്തെയാണ് തങ്ങളുടെ വളര്ച്ചയ്ക്ക് ഉപയോഗിച്ചത്. Boost എന്ന ഉൽപ്പന്നം അതിനു ഏറ്റവും വലിയ ഉദാഹരണമാണ്. 'Boost Is The Secret Of My Energy' എന്ന വാചകം, 1989-ൽ സച്ചിൻ ബ്രാൻഡ്‌ അംബാസ്സ്ഡാർ ആയ കാലം തൊട്ടു ഇന്ന് ഈ നിമിഷം വരെ പറയാത്ത കുട്ടികൾ കുറവായിരിക്കും. വേറെ, ഒരു താരത്തെയും  ഉപയോഗിച്ചുള്ള പരസ്യങ്ങൾക്കും ഇത്രയും സ്വാധീനം മറ്റുള്ളവരിൽ ചെലുത്താൻ കഴിഞ്ഞിടുണ്ടുന്നു തോന്നുന്നില്ല. അത് കൊണ്ട് തന്നെയാണ് Boost, Pepsi, Britania, Airtel, Sunfeast, Addidas, Reynolds തുടങ്ങി ഒട്ടനവധി പ്രമുഖ ബ്രാൻഡുകൾ സച്ചിനെ അവരുടെ ബ്രാൻഡ്‌ അംബാസ്സ്ഡാർ ആക്കിയത്. ഏതോ ഒരു ബിസിനെസ്സ്‌ വിദഗ്ദ്ധൻ പറഞ്ഞത്: "പ്രമുഖ ബ്രാൻഡുകൾ  സച്ചിനെ തന്നെ ലക്‌ഷ്യം വെക്കുന്നതിന്റെ പ്രധാന കാരണം സച്ചിൻ എന്ന കളിക്കാരന്റെ പ്രശസ്ഥിയെക്കാൾ അദ്ദേഹത്തിനു കുട്ടികളിലുള്ള സ്വാധീനമാണ്. അതിലും പ്രധാനം, തന്റെ കുട്ടി സച്ചിനെ മാതൃകയാക്കണം എന്ന് കരുതുന്ന മാതാപിതാക്കളുടെ എണ്ണം അധികമാണ് എന്നതാണ്. തന്റെ ജോലിയോടുള്ള സച്ചിന്റെ ആത്മാർഥത, സമർപ്പണം, മോശം ഫോമിൽ നിന്ന് വീണ്ടും റെക്കോർഡുകളുടെ നടുവിലേക്ക് കയറി വന്ന ആത്മവിശ്വാസം,  ഇത്രയും ഉയരത്തിൽ നിൽക്കുമ്പോഴുമുള്ള എളിമ, അങ്ങനെ കുട്ടികള്ക്ക് കണ്ടു പഠിക്കാൻ ഒരുപാടുണ്ട് സച്ചിനിൽ." 

അങ്ങനെ സച്ചിനെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്ഥനാക്കുന്ന എത്രയോ കാര്യങ്ങൾ. അത് കൊണ്ട് തന്നെയാണ് മറ്റേതൊരു താരത്തിന്റെ വിട വാങ്ങലിനെക്കാളും സച്ചിന്റെ വിടവാങ്ങൽ ചർച്ചയായത്, അവസാന മത്സരം കഴിഞ്ഞു സച്ചിന്റെ കണ്ണുകൽ  നിറഞ്ഞപ്പോൾ ഒരു രാജ്യം മൊത്തം സ്വന്തം കണ്ണുകൾ തുടച്ചത്‌. സച്ചിൻ എന്നത് ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് എന്ന് (അതിന്റെ അളവ്  ചെറുതോ വലുതോ ആകട്ടെ) തിരിച്ചറിഞ്ഞ നിമിഷങ്ങൾ. 

സച്ചിൻ, അങ്ങയുടെ കുറവ് മൈതാനങ്ങളിൽ  ഒരു വലിയ നഷ്ടം തന്നെയാകും എന്നത് ഒരു സത്യം തന്നെയാണ്. ക്രിക്കറ്റിൽ ഒരുപാടു നല്ല നിമിഷങ്ങൾ സമ്മാനിച്ച സച്ചിൻ എന്ന കളിക്കാരനും, ജീവിതത്തിൽ കണ്ടു പഠിക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ കാണിച്ചു തന്ന സച്ചിൻ എന്ന മനുഷ്യനും ഒരായിരം നന്ദി.

Monday, March 25, 2013

ഡെഡിക്കേഷൻ

ഡെഡിക്കേഷൻ എന്ന വാക്ക് നമ്മൾ മലയാളികൾക്ക് ചിരപരിചിതമായിട്ടു കുറച്ചു  കാലമായി. ചാനലുകളും എഫ്.എം സ്റ്റേഷനുകളും ഒക്കെ എറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇപ്പൊ ഈ വാക്കാവും.

രണ്ടു ദിവസം മുൻപ് എറണാകുളത്ത് ബസിൽ യാത്ര ചെയുമ്പോൾ കേട്ട ഒരു എഫ്.എം പരിപാടിയാണ് ഈ ബ്ലോഗിലെ നായകൻ.

ഏതോ ഒരു എഫ്.എം സ്റ്റേഷനിലെ ഏതോ ഒരു പ്രോഗ്രാo. ആ പരിപാടിയിലേക്ക് വിളിച്ച  ഏതോ ഒരു കോളേജിലെ ഏതോ ഒരു വിദ്യാർഥിനി. പതിവ് പോലെ അവതാരകൻ വിശേഷങ്ങൾ ചോദിക്കുന്നു. കുട്ടി വിളിക്കുന്നത് ഹോസ്റ്റലിൽ  നിന്നാണ്. പിന്നണിയിലെ ആർപ്പുവിളികളും കോലാഹലങ്ങളും കേട്ടാൽ അറിയാം ഹോസ്റ്റൽ ആണെന്ന്. അങ്ങനെ പരിപാടിയുടെ കാര്യപരിപാടിയിലേക്ക് എത്തുന്നു. പ്രോഗ്രാം എന്താന്നു  വെച്ചാൽ, സിനിമയുമായി ബന്ധപെട്ടു 2 ചോദ്യങ്ങൾ അതിനു ഉത്തരം പറഞ്ഞാൽ സമ്മാനം. ഇനി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും എഫ്.എം വക ഒരു പാട്ട് കേൾക്കാം. അങ്ങനെ ആ വിദ്യാർഥിനി ക്ലൂവിന്റെ സഹായതോടെയനെങ്കിലും 2 ചോദ്യങ്ങൾക്കും ഉത്തരം നൽകി സമ്മാനം നേടി. അതിന്റെ ഒരു ആവേശം എല്ലാവരും കൂടിയുള്ള ആർപ്പുവിളിയിൽ മനസ്സിലാക്കാം.

ഇനി എഫ്.എം വക പാട്ടാണ്. വിദ്യാർഥിനി ചാടികയറി, "ഈ പാട്ട് ഞങ്ങൾക്ക് ഒരാൾക്ക് ഡെഡിക്കേറ്റ് ചെയ്യണം. ഞങ്ങളടെ ടീച്ചർ ആണ്. നിഷ മിസ്സ്‌. മിസ്സ്‌ കോളേജിനു പോവുകയാണ്. അപ്പൊ മിസ്സിന് വേണ്ടി ഈ പാട്ട്  ഡെഡിക്കേറ്റ് ചെയ്യണം."
അവതാരകൻ: " തീർച്ചയായും...നിങ്ങളെ വിട്ടു പോകുന്ന നിഷ മിസ്സിനോട് നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നിങ്ങൾക്ക് ഇപ്പൊ ഈ എഫ്.എം-ലൂടെ പറയാം."

അതിനുള്ള മറുപടി ഒരു കൂട്ടം പെണ്‍കുട്ടികളുടെ ഒന്നിച്ചുള്ള ശബ്ദമായിരുന്നു. അതിൽ മനസിലായ ചിലത്(ഊഹിച്ചെടുത്തു പൂരിപ്പിച്ചത് എന്നും പറയാം), "ഞങ്ങൾക്കെല്ലാവർക്കും മിസ്സിനെ ഒരുപാടു ഇഷ്ടമാണ്. എവിടെ പോയാലും മിസ്സിനെ ഞങ്ങൾ ഓർക്കും. വി ഓൾ ലവ് യു എ ലോട്ട് മിസ്സ്‌ ആൻഡ്‌ വി വിൽ മിസ്സ്‌ യു ..."

കുട്ടികളോട് വളരെ അടുപ്പമുള്ള ഒരു അധ്യാപികയാണ് ഈ നിഷ മിസ്സ്‌  എന്ന് ഉറപ്പു. അത് അവരുടെ ആ വാക്കുകൾ കേട്ടാൽ വ്യക്തം.

അങ്ങനെ വീണ്ടും അവതാരകനിലേക്ക്.. "കുട്ടികളോട് ഏറെ അടുപ്പവും സ്നേഹം കാത്തു സൂക്ഷിക്കുന്ന, കുട്ടികളുടെയെല്ലാം സ്നേഹനിധിയായ നിഷ മിസ്സിന്, മിസ്സിനെ സ്നേഹിക്കുന്ന ഈ  വിദ്യാർഥിനികൾടെ പേരിലും അത് പോലെ മിസ്സിനെ സ്നേഹിക്കുന്ന ആ കോളേജിലെ മറ്റെല്ലാ  വിദ്യാർഥി- വിദ്യാർഥിനികളുടെ പേരിലും ഒരു നല്ല ഗാനം തന്നെ ഞങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നു.."

അങ്ങനെ ആ നല്ല മിസ്സിന് വേണ്ടി എഫ്.എം വക കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ഗാനം തന്നെ ഡെഡിക്കേറ്റ് ചെയ്തു.

            "വൈ ദിസ് കൊലവെറി കൊലവെറി കൊലവെറി  ഡി... "

അത് പോലൊരു അധ്യാപികക്ക് ഇതിലും നല്ല വേറെ ഏതു പാട്ട് ഡെഡിക്കേറ്റ് ചെയ്യാൻ....

Tuesday, March 12, 2013

സ്കോപ്

പത്താം ക്ലാസ്സിലെത്തിയതും  തുടങ്ങി, "പ്ലസ്‌ടു  സയന്‍സ് ഗ്രൂപ്പ്‌ എടുക്കുന്നത നല്ലത്. അതിനു നല്ല സ്കോപാണ്.  അതാകുമ്പോ സ്കൂളില്‍ പോകുന്നതിനോപ്പം തന്നെ എന്ട്രന്‍സ് കോച്ചിങ്ങിന് പോകാം. എന്നിട്ട് എന്‍ജിനിയറിങ്ങ്, മെഡിസിന്‍ മുതലായ എതെങ്കിലുമൊന്നു എടുക്കാം. ഇപ്പൊ അതിനാ സ്കോപ്. ഇനി എങ്ങാനും എന്ട്രന്‍സ് കിട്ടിയിലെങ്കിലും സയന്‍സ് ആകുമ്പോ വേറെ വിഭാഗത്തിലെക്കും മാറാന്‍ എളുപ്പമാണ്. അപ്പൊ വല്ല ബി.കോം ചെയ്യ്താല്‍ നല്ല സ്കോപ് ആണ്.  ബാങ്കിലൊക്കെ കിട്ടിയ കല്യാണ മാര്‍ക്കറ്റിലൊക്കെ ഇപ്പൊ എന്താ സ്കോപ്."

    അങ്ങനെ പത്തു ഒരു വിധം കഴിഞ്ഞു പ്ലസ്‌ടു എത്തി. വീണ്ടും തുടങ്ങി. "സയന്‍സ് എടുത്താല്‍ മതിട്ടോ. എന്താ ഇപ്പൊ ഒരു എന്‍ജിനിയര്‍ ഡോക്ടര്‍ എന്നൊക്കെ  പറഞ്ഞാല്‍ ഉള്ള വില. അതിനൊക്കെ ഇപ്പൊ സ്കോപ് ഉള്ളു. പ്രത്യേകിച്ചും ഐ.ടി.യുടെ സ്കോപ് പറയണ്ട. "

  ഒടുക്കം സയന്‍സ് ഗ്രൂപ്പ്‌ തന്നെ എടുത്തു. ബയോളജി പഠിക്കാനുള്ള അതിയായ താത്പര്യക്കുറവ്  കാരണം കമ്പ്യൂട്ടര്‍ സയന്‍സ്  എടുത്തു. അപ്പൊ, "അതെന്തേ കമ്പ്യൂട്ടര്‍ എടുത്തേ. ഇനിയിപ്പോ മെഡിസിന്‍ എഴുതാന്‍ പറ്റില്ലല്ലൊ. ശോ... കഷ്ടായി.. ഒരു ഡോക്ടര്‍ എന്നൊക്കെ പറഞ്ഞാല്‍ നല്ല സ്കോപ് ആയിരുന്നു. ഒരു എം.ബി.ബി.എസ്. ഉണ്ടെങ്കില്‍ തന്നെ രോഗികള്‍ ക്യു അല്ലെ. ആഹ്... ഇനി പറഞ്ഞിട്ട്  കാര്യമില്ല."

പ്ലസ്‌ ടു കാലം കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോള്‍, "ഈ വര്‍ഷം പ്ലസ്‌ ടു പരീക്ഷ എഴുതുകയല്ലേ. എന്ട്രന്‍സ് കോച്ചിംഗ് പോകുന്നുണ്ടലോലെ. എന്ട്രന്‍സ് എന്തായാലും എഴുതണം. മെഡിസിന്‍ എന്തായാലും പറ്റിലാലെ. പോട്ടെ. എന്ജിനിയറിങ്ങിനും നല്ല സ്കോപ് ആണല്ലോ. അത് എഴുതാതിരിക്കണ്ട. ഇനി എഞ്ചിനീയറിങ്ങിനു സ്കോപ് നോക്കി വേണം ബ്രാഞ്ച് തിരഞ്ഞെടുക്കാന്‍ കേട്ടോ. ഐ.ടി നല്ല സ്കോപ് ആണ്. പിന്നെ സിവില്‍ എന്താ സ്കോപ് നാട്ടില്‍ തന്നെ. ഇലക്ട്രോണിക്സ് നല്ല സ്കോപ് ആണ് വിദേശത്തു. മെക്കാനിക്കല്‍ ഒക്കെ എടുത്താല്‍ നല്ല സ്കോപ് അല്ലെ. എന്റെ ഏട്ടന്റെ ഭാര്യേടെ അമ്മാവന്റെ മകന്റെ ഭാര്യേടെ  ചെറിയച്ചന്റെ മകള്‍ടെ മകന്‍ മെക്കാനിക്കല്‍ ആണ്. നല്ല സ്കോപ് ആണുനു ഉറപ്പല്ലേ."

അങ്ങനെ എഞ്ചിനിയറിങ്ങിനു പ്ലസ്‌ ടു ഹാങ്ങോവറില്‍ കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ എടുത്തു. "കമ്പ്യൂട്ടര്‍ സയന്‍സ് ആണല്ലേ. അതും ഐ.ടിയും ഒക്കെ ഒന്ന് തന്നെയല്ലെ.  അതിനിപ്പോ പഴയ സ്കോപ് ഇല്ലനാണല്ലോ കേള്‍ക്കണതു. ശരിയാണോ. സിവില്‍ എടുക്കായിരുന്നു. നല്ല സ്കോപ് അല്ലെ. എന്റെ വകയില്‍ ഒരു അമ്മാവന്റെ മകന്‍റെ കുട്ടി  സിവിലാണ് എടുത്തിരിക്കണത്."

ഒടുക്കം നാലു കൊല്ലം പഠിച്ചു പുറത്തിറങ്ങി. ഒപ്പം പഠിച്ചവന്മാരുമായുള്ള വട്ട മേശ സമ്മേളനങ്ങളില്‍, "അളിയാ ഇനി എന്താടാ പ്ലാന്‍. കോഴ്സ് കഴിഞ്ഞു. എങ്ങനെയെങ്കിലും  ഒരു ജോലി തപ്പിയെടുക്കണ്ടേ. വല്ല കോഴ്സ് ചെയ്താല്‍ നല്ല സ്കോപ് ആണെന്ന എല്ലാവരും പറയുന്നത്.  ആ വഴിക്ക് നോക്കിയാലോ. പക്ഷെ സ്കോപ് ഏതാനു  നല്ലവണം ആലോചിച്ചിട്ട് മതി. വെറുതെ എന്തെങ്കിലും കോഴ്സ് ചെയ്തിട്ട് കാര്യമില്ലലോ. സ്കോപ് ഇല്ലാത്ത വല്ലതും ചെയ്താല്‍ ആ കാശ് നഷ്ടം എന്നല്ലാതെ ഒരു കാര്യവും ഉണ്ടാകില്ല."

അങ്ങനെ ഒരു ജോലിയൊക്കെ കിട്ടി. ഹോ... സമാധാനം ഇനി കേള്‍ക്കണ്ടല്ലോ ഈ കോപ്പ് എന്ന് വിചാരിച്ചു സന്തോഷിച്ചപ്പോ,

" അരുണേ, മോന്‍ എന്‍ജിനിയറിങ്ങ് കഴിഞ്ഞു ഇപോ ജോലിയൊക്കെ ആയില്ലെ. എന്റെ മകള്‍ടെ കുട്ടിയെ ഏതിന് വിടണമെന്ന ആലോചനയിലാണ്. ഏതാ ഇപ്പൊ സ്കോപ് ഉള്ളത്. എന്ജിനിയറിങ്ങ് വേണോ മെഡിസിന്‍ വേണോ."

"രണ്ടായാലും അതിന്‍റെതായ ഗുണവും ദോഷവും ഉണ്ട്. അവര്‍ക്ക് ഏതാ ഇഷ്ടം എന്നതിനനുസരിച്ചിരിക്കും."

"എന്നാലും ഏതിനാ സ്കോപ് കൂടുതല്‍."

"ഈ സ്കോപ് എന്നൊക്കെ പറയണതില്‍ ഒരു പരിതി വിട്ടു കാര്യമില്ല. കുട്ടിക്ക് ഏതാ പഠിക്കാന്‍ ഇഷ്ടം എന്ന് വെച്ചാല്‍ അതിനു വിടൂ. ആ കുട്ടിക്ക് ഏറ്റവും സ്കോപ് അതിലായിരിക്കും."

"അവള്‍ക്കങ്ങനെ പ്രത്യേക ഇഷ്ടങ്ങള്‍ ഒന്നുമില്ല. അവള്‍ടെ അമ്മയ്ക്കും അച്ഛനും എന്‍ജിനിയര്‍ ആകണമെന്ന. ഇപ്പൊ എല്ലാ വിഷയത്തിനും ട്യൂഷന്‍ ഒക്കെ ഉണ്ട്. അതൊക്കെ നല്ലതാണലോല്ലേ."

"ആഹ്... കോച്ചിങ്ങിനു പോകുന്നുണ്ടോ?"

"ഇപ്പൊ ഇല്ല. ഒരു എട്ടാം ക്ലാസ്സിലൊക്കെ എത്തിയാല്‍ IIT കോച്ചിങ്ങിനു വിടണം വിചാരിക്കുന്നു. IIT  ഒക്കെ കിട്ടിയാല്‍ നല്ല സ്കോപ് അല്ലെ."

"അപ്പൊ കുട്ടി ഇപ്പൊ ഏതു ക്ലാസിലാണ്."

"ഈ വര്‍ഷം ഒന്നിലേക്കായി."

കുഞ്ഞനിയത്തി, ദൈവം നിനക്ക് ക്ഷമിക്കാനുള്ള കരുത്തു തരട്ടെ.

Tuesday, January 29, 2013

വിശ്വരൂപം

 ഇതൊരു  സിനിമ നിരൂപണം അല്ല. വിശ്വരൂപം എന്ന തമിഴ്  സിനിമ ഇന്ത്യ ഒട്ടാകെ ഉണ്ടാക്കുന്ന  കോലാഹലങ്ങള്‍ കാണുമ്പോള്‍ എഴുതാന്‍ തോന്നിയ കുറച്ചു കാര്യങ്ങള്‍ മാത്രം.

     കമലഹാസന്റെ ഏതു  സിനിമ ഇറങ്ങുമ്പോഴും അതിനോടൊപ്പം  വിവാദങ്ങളും പതിവാണ്. വിശ്വരൂപത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തിയേറ്ററില്‍ സിനിമ ഇറക്കുനതിനോടൊപ്പം തന്നെ ഡി.ടി.എച് . സംവിധാനം വഴി ടി.വിയിലും ഒരു ദിവസം സിനിമ പ്രദര്‍ശി പ്പിക്കുക  എന്ന  പുതിയ ഒരു ആശയം ആണ് ഇത്തവണ  വിവാദങ്ങള്‍ക് തുടക്കം  കുറിച്ചത്. തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകളും മറ്റും സിനിമ പ്രദര്‍ശിപ്പിക്കില്ല  എന്നും കമല്‍ തീരുമാനം പുനപരിശോധിക്കണം  എന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു.

    കമല്‍ സിനിമകളുടെ കൂടെയുള്ള സ്ഥിരം വിവാദങ്ങള്‍ എന്നതിനപ്പുറത്തേക്കു  ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വിശ്വരൂപത്തിനെ  ചുറ്റിപറ്റിയുള്ള  വിവാദങ്ങളെ സൂക്ഷികേണ്ടിയിരികുന്നു . മതവാതികള്‍ (അതോ തീവ്ര (മത )വാതികളോ?) ഈ സിനിമക്കെതിരെ  ഉയര്‍ത്തിയ ഉയര്‍ത്തുന്ന വിവാദങ്ങള്‍ എന്തിനു എന്ന് മനസിലാകുന്നില്ല. അവര്‍ പറയുന്ന കാരണം ഇസ്ലാം എന്ന മതത്തെയും അതിന്റെ വിശ്വാസികളെയും അവഹേളിക്കുന്ന ഒരു ചിത്രമാണ്‌ ഇത് എന്നാണ്. സിനിമ ഇറങ്ങുന്നതിനും മുന്‍പ് അതിന്റെ ഉള്ളടക്കം ആരുടെ ത്രികാല ജ്ഞാനത്തില്‍ തെളിഞ്ഞതാണോ എന്തൊ .

    അഫ്ഘാനിസ്ഥാനിലെ തീവ്രവാദവും അതിനെതിരെയുള്ള അമേരിക്കയുടെ നീക്കങ്ങളും മറ്റുമൊക്കെയാണ്   ഈ സിനിമ. അതില്‍ ഇന്ത്യ എന്നാ രാജ്യം പോലും കാണി ക്കുന്നില്ല . ഇവിടുത്തെ മുസ്ലിം സഹോദരങ്ങളെ പറ്റി പറയുന്നുമില്ല. പിന്നെയും എന്ത്കൊണ്ടു  ഇവിടെ ഇത്രയും വിവാദങ്ങള്‍ എന്ന്  മനസിലാകുനില്ല. ഇനി ലോകത്തെ  മൊത്തം മുസ്ലിം സമൂഹത്തിനും വേണ്ടിയാണു ഈ വിവാദങ്ങള്‍ എങ്കില്‍ ആ സഹജീവി സ്നേഹം നല്ലത് തന്നെ. പക്ഷെ ആ സിനിമയില്‍ എവിടെയും ലോകത്തെ മുഴുവന്‍ മുസ്ലിം സഹോദരങ്ങളെ മോശക്കാരായി ചിത്രീകരിക്കുനില്ല അല്ലെങ്കില്‍ മുസ്ലിം എന്ന മതം മോശമാണ് എന്നും പറയുന്നില്ല. പിന്നെ ആകെയുള്ളത് അഫ്ഘാനിസ്ഥാനിലെ തീവ്രവാദികള്‍ മുസ്ലിം മതത്തില്‍ പെട്ടവരാണ് എന്നതാണ്. അത് ഒരു സാങ്കല്പിക സൃഷ്ടി ഒന്നുമല്ല എന്നത് എല്ലാവര്ക്കും അറിയാം.

    അഫ്ഘാനിസ്ഥാനില്‍ ഇത്തരം തീവ്രവാദികള്‍ ഉണ്ട് എന്നതും അവര്‍ അവിടെ എന്തൊക്കെ  ചെയ്തു കൂട്ടുന്നു എന്നതും എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ്. അത് സിനിമയില്‍ കാണിക്കുമ്പോള്‍ മുസ്ലിം സമൂഹത്തെ മൊത്തത്തില്‍ അപമാനിക്കല്‍ ആകുമോ.  ആണെങ്കില്‍, സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രവാചകനെയും  ഈ മതത്തെയും അപമാനിക്കുന്നത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ കൊന്നൊടുക്കുന്ന ഈ തീവ്രവാദികള്‍ അല്ലെ. അപ്പൊ അവര്‍ക്കെതിരെയല്ലേ ഈ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തേണ്ടത്. അവരെ എങ്ങനെ ഇല്ലാതാക്കാം  എന്നല്ലേ ചിന്തിക്കേണ്ടത്.

  ഈ സിനിമാക്കെതിരെ കൊടി പിടിക്കുന്ന സഹോദരങ്ങള്‍ ഒരു കാര്യം ആലോചികുക. ലോക മുസ്ലിം ജനതയുടെ നൂറില്‍ ഒരംശം മാത്രം വരുന്ന ഈ വിഭാഗത്തെ കുറിച്ച് മോശമായി  പറഞ്ഞാല്‍ ഇല്ലതകുന്നതാണോ ഇസ്ലാം എന്ന  മതത്തിന്റെ വിശ്വാസ്യത. അങ്ങനെ നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് നിങ്ങള്‍ടെ മതത്തില്‍ വിശ്വാസം ഇല്ല എന്നാണ്. ഇസ്ലാം എന്ന മതത്തിലും പരമ കാരുണ്യവാനായ അല്ലാഹുവിലും വിശ്വസിക്കുന്ന ഒരു മുസ്ലിം സഹോദരനും ഇത്തരo  ബാലിശമായ വിവാദങ്ങള്‍ മുഖവിലകെടുകില്ല എന്നാണ് എന്റെ വിശ്വാസം.

   കഥ പറയുമ്പോള്‍ എന്ന സിനിമയുടെ അവസാനം മമ്മൂക്ക നടത്തുന്ന പ്രസംഗത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. 'മനുഷ്യനെ വല്ലാതെ സ്വാധീനിക്കുന്ന ഒന്നായി കല ഇനിയും മാറിയിട്ടില്ല. പണ്ട് വൈലോപ്പിള്ളി മാമ്പഴം  എന്ന കവിതയില്‍ കുട്ടി മാമ്പൂ നുള്ളിയതും  അതിനു കുട്ടിയെ അമ്മ അടിച്ചതും പിന്നീടു കുട്ടി മരിച്ചപ്പോള്‍ അതോര്‍ത്തു അമ്മ സങ്കടപെടുന്നതുമൊക്കെ എഴുതിയപോള്‍ ആ കവിത എല്ലാ മലയാളികളുടെയും മനസ്സില്‍ ഒരു നൊമ്പരം ഉണ്ടാക്കി. പക്ഷെ ഇന്നും കുട്ടികള്‍ മാമ്പൂ  നുള്ളുന്നുമുണ്ട് അതിനു അമ്മമാര്‍ തല്ലുന്നുമുണ്ട്  എന്ന്'.

  സിനിമയും മറ്റു കലകളുമൊക്കെ  അതായി തന്നെ ഇരിക്കട്ടെ. അവിടേക്ക് മതവും ജാതിയും ഒന്നും ദയവു ചെയ്തു കയറ്റാതിരിക്കു. കമലഹാസ്സന്‍ തന്നെ പറഞ്ഞ പോലെ ഇത്തരം സംസ്ക്കാരിക തീവ്രവാദം അവസാനിപിക്കേണ്ടിയിരിക്കുന്നു.


   "എപ്പോള്‍ ഒരുവന്‍ ദൈവത്തിന്റെ സന്ദേസങ്ങളെ  എതിര്‍ക്കുന്നതോ  അവഹേളിക്കുന്നതോ നിങ്ങള്‍ കേള്‍ക്കുന്നുവോ, അവന്‍ മറ്റൊരു സംഭാഷണത്തിലേക്ക്  കടക്കുന്നത്‌ വരെ അവന്റെ കൂടെ ഇരിക്കതിരിക്കുക"
                                                                           (വിശുദ്ധ ഖുര്‍ആന്‍ 4:140)

അവന്റെ കൂടെ ഇരിക്കതിരിക്കാനെ ഖുര്‍ആന്‍ പറയുന്നുള്ളൂ. അല്ലാതെ പറയുന്നവനെ കൊല്ലാനും കല്ലെറിയാനും അല്ല.

ജയ് ഹിന്ദ്‌ ...
  
   

Friday, October 28, 2011

മോഹന്‍ രാഘവന് ആധരാന്ജ്ജലികള്‍

 ടി ഡി ദാസന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമ പ്രേമികളുടെ മൊത്തം മനസ്സില്‍ തന്റെതായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞു ഈ നാട്ടിന്‍ പുറത്തെ സാധാരണക്കാരന്‌.. മലയാളത്തിനു  ഒരു മികച്ച സംവിധായകനെ കൂടി ലഭിചു എന്ന സന്തോഷമായിരുന്നു ടി ഡി ദാസന്‍ കണ്ടപ്പോള്‍ തോന്നിയത്. നല്ല സിനിമകള്‍ നമ്മുക്ക് നഷ്ടപെടുത്താതെ സംരക്ഷിക്കാം കഴിവുള്ള ഒരാളെ ലഭിച്ച മനസുഖം വളരെ വലുതായിരുന്നു...

പക്ഷെ ഇപ്പോള്‍ എല്ലാം നമ്മുക്ക് കയ്യെത്തി പിടിക്കാവുന്നതിലും അപ്പുറത്തേക്ക് വിട്ടു ആ നല്ല സംവിധയകന്‍, ആ നല്ല മനുഷ്യന്‍ നമ്മെ വിട്ടു പോയി... 

ആധരാന്ജ്ജലികള്‍.....